
കുവൈറ്റ് സിറ്റി : കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹ് ( 86 ) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം. പ്രധാനമന്ത്രി അഹ്‌മ്മദ് നവാഫ് അൽ - അഹ്‌മ്മദ് അൽ - സബാഹ് മൂത്ത മകനാണ്.
പ്രാദേശിക സമയം, ഇന്ന് രാവിലെ 9ന് ബിലാൽ ബിൻ റാബാഹ് പള്ളിയിലെ പ്രാർത്ഥനയ്‌ക്ക് ശേഷം സംസ്കാരം നടക്കും.
കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണവും ഇന്ന് മുതൽ മൂന്ന് ദിവസം അവധിയും പ്രഖ്യാപിച്ചു.
28 വർഷം കുവൈറ്റ് ഭരിച്ച ഷെയ്ഖ് അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹിന്റെ ആറാമത്തെ മകനാണ് നവാഫ്. 1937 - ജൂൺ 25ന് കുവൈറ്റ് സിറ്റിയിൽ ജനനം. ഷെയ്ഖ് അഹ്‌മ്മദിന്റെ നാലാമത്തെ മകനും മുൻ അമീറുമായ സബാഹ് അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹ് അന്തരിച്ചതിനെ തുടർന്ന് 2020 സെപ്തംബർ 29നാണ് 16ാമത്തെ അമീറായി ഷെയ്ഖ് നവാഫ് അധികാരത്തിലെത്തിയത്. 25ാം വയസ് മുതൽ ഭരണത്തിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചു. പ്രതിരോധ, ആഭ്യന്തര മന്ത്രി പദവികൾ വഹിച്ച അദ്ദേഹം രാജ്യത്തും അതിർത്തിയിലും ശ്രദ്ധേയമായ സുരക്ഷാ പദ്ധതികൾ നടപ്പാക്കി. ഷെരീഫ സുലൈമാൻ അൽ - ജാസിം ആണ് ഭാര്യ. ഫൈസൽ, അബ്ദുള്ള, സലീം, ഷെയ്ഖ എന്നിവരാണ് മറ്റ് മക്കൾ.
ജീവിതരേഖ
1961 - ഹവല്ലിയിലെ ഗവർണർ
1978 - ആഭ്യന്തരമന്ത്രി
1988 - പ്രതിരോധ മന്ത്രി
1991 - സാമൂഹിക - തൊഴിൽ മന്ത്രി
1994 - കുവൈറ്റ് നാഷണൽ ഗാർഡ് ഉപമേധാവി
2003 - ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി
2006 - കിരീടാവകാശി
2020 - അമീർ
മിഷാൽ പുതിയ അമീർ
പുതിയ അമീറായി നവാഫിന്റെ അർദ്ധ സഹോദരൻ ഷെയ്ഖ് മിഷാൽ അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹിനെ ( 83 ) തിരഞ്ഞെടുത്തു. ഷെയ്ഖ് അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹിന്റെ ഏഴാമത്തെ മകനാണ്. 2020ൽ അധികാരത്തിലെത്തിയതിന് പിന്നാലെ ഷെയ്ഖ് നവാഫ് 80കാരനായ മിഷാലിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ലോകത്തെ ഏറ്റവും പ്രായമേറിയ കിരീടാവകാശിയെന്ന റെക്കാഡ് മിഷാൽ സ്വന്തമാക്കി.