cri

വനിതാ ടെസ്റ്റിൽ ഇന്ത്യയ്ക്ക് റെക്കാഡ് ജയം,​ ഇംഗ്ലണ്ടിനെ 347 റൺസിന് കീഴടക്കി

മുംബയ്: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് 347 റൺസിന്റെ കൂറ്റൻ ജയം. റൺസ് അടിസ്ഥാനത്തിൽ വനിതാ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നാം ദിനമായ ഇന്നലെ ഇന്ത്യ ഉയർത്തിയ 479 റൺസിന്റെ കൂറ്റൻജയം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 131 റൺസിന് ഓൾഔട്ടാവുകയായിരുന്നു. വെള്ളിയാഴ്ചത്തെപ്പോലെ ഇന്നലേയും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ കറക്കി വീഴ്ത്താൻ നേതൃത്വം നൽകിയത് ദീപ്തി ശർമ്മയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റാണ് ദീപ്തി വീഴ്ത്തിയത്. പൂജ വസ്ട്രാക്കർ മൂന്നും രാജേശ്വരി ഗെയ്ക്‌വാദ് ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് രേണുക താക്കൂറാണ്.

ടാമിസ് ബ്യൂമോണ്ടിനെ (13) ടീം സ്കോർ 27ൽ വച്ച് രേണുക ക്ലീൻബൗൾഡാക്കുകയായിരുന്നു. തുടർന്ന് പൂജ സോഫിയ ഡൻഗ്ലിയേയും (15) നാറ്റ് സ്കൈവറേയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 37/3 എന്ന നിലയിലായി. ടീം സ്കോർ 68ൽ എത്തിയപ്പോൾ ക്യാപ്ടൻ ഹീത‌ർനൈറ്റിനെ (21) പൂജ വസ്ട്രാക്കറും ഡാനി വ്യാട്ടിനെ ദീപ്തി ശർമ്മയും പുറത്താക്കി. ടീം സ്കോർ 83ൽവച്ച് ആമി ജോൺസും (5),സോഫി എക്ലസ്റ്റോണും (10) ദീപ്തിയ്ക്കും രാജേശ്വരിയ്ക്കും വിക്കറ്റ് നൽകി മടങ്ങി. 108ൽ എത്തിയപ്പോൾ കെയ്റ്റ് ക്രോസിനേയും (16), ലൗറേൻ ഫിലറേയും (0) ദീപ്തി മടക്കി. ഇതോടെ 108/9 എന്ന നിലയിലായി ഇംഗ്ലണ്ട്. ലാസ്റ്റ് ബാറ്റർ ലൗറേൻ ബെല്ലിനെ ജമീമയുടെ കൈയിൽ എത്തിച്ച് രാജേശ്വരി ഗെയ്ക്‌വാദ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടതോടെ ഇന്ത്യ ചരിത്ര ജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തേ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 428 റൺസിന് ഓൾഔട്ടായിരുന്നു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ 136 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ ഫോളോൺ ചെയ്യാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങി 186 ന് 6 എന്ന നിലയിൽഡ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ദീപ്തിയാണ് താരം

കളിയിലെതാരമായി ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ടർ ദീപ്തി ശർമ്മയെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തിയ ദീപ്തി രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റും സ്വന്തമാക്കി. ബാറ്റിംഗിലും തിളങ്ങിയ ദീപ്തി ഒന്നാം ഇന്നിംഗ്സിൽ 67ഉം രണ്ടാം ഇന്നിംഗ്സിൽ 20 റൺസും നേടി.

ഗംഭീര ജയം

347- വനിതാ ടെസ്റ്റ് ചരിത്രത്തിൽ റൺസടിസ്ഥാനത്തിൽ ഒരുടീം നേടുന്ന ഏറ്റവും വലിയ ജയമാണ് ഇന്ത്യയുടേത്. 1998ൽ ശ്രീങ്ക പാകിസ്ഥാനെതിരെ നേടിയ 309 റൺസിന്റെ വിജയത്തെയാണ് ഇന്ത്യ മറികടന്നത്.

1- നാട്ടിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ജയമാണിത്.

27.3- നാലാം ഇന്നിംഗ്സിൽ 27.3 ഓവറിലാണ് ഇംഗ്ലണ്ട് ഓൾഔട്ടായത്. വനിതാ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഓൾഔട്ടായ ഇന്നിംഗ്സാണിത്.

378- ബോളുകളാണ് രണ്ടിന്നിംഗ്സിലുമായി ഇംഗ്ലണ്ട് നേരിട്ടത്. വനിതാ ടെസ്റ്റിൽ ഏറ്റവുംവേഗത്തിൽ രണ്ട് തവണ ഓൾഔട്ടായ ടീമായി ഇംഗ്ലണ്ട്.

5.3-വനിതാ ടെസ്റ്റിൽ ഏറ്രവും കുറഞ്ഞ സ്‌പെല്ലിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരമെന്ന റെക്കാഡ് ദീപ്തി
സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ വെറും 33 പന്തിലാണ് ദീപ്തി 5വിക്കറ്റ് നേടിയത്.