mi

മുംബയ്: ഐപിഎൽ 2024 സീസണിൽ തങ്ങളുടെ ക്യാപ്റ്റനായി രോഹിത്ത് ശർമ്മയെ നീക്കി ഹാർദ്ദിക് പാണ്ഡ്യയെ മുംബയ് ഇന്ത്യൻസ് തീരുമാനിച്ചത് കഴിഞ്ഞദിവസമാണ്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഫ്രാഞ്ചൈസിക്ക് അഞ്ച് തവണ ഐപിഎൽ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച രോഹിത്തിനെ ഒതുക്കിയെന്ന പേരിൽ ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. രോഹിത്തിനെ നീക്കിയതിലും പകരം ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിലും മുംബയ് ഇന്ത്യൻസിന്റെ സമൂഹമാദ്ധ്യമ പേജിലും മറ്റ് ഇടങ്ങളിലും ആരാധകർ രൂക്ഷമായാണ് പ്രതികരിച്ചത്.

മുംബയ് ഇന്ത്യൻസ് ജെഴ്‌സിയും കൊടിയും ആരാധകർ തീയിട്ടിരുന്നു. ഒപ്പം സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമായ എക്‌സിൽ നിന്ന് നാല് ലക്ഷം ആരാധകരാണ് ഒറ്റയടിക്ക് മുംബയ്‌ക്ക് നഷ്‌ടമായത്. ഫ്രാഞ്ചൈസി തീരുമാനത്തിൽ തന്റെ എതിർപ്പ് മുംബയിലെ മറ്റൊരു താരമായ സൂര്യകുമാർ യാദവും ഇതിനിടെ പ്രകടിപ്പിച്ചു കഴിഞ്ഞു. ഹൃദയം തകർന്നതായുള്ള ഇമോജിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സൂര്യ നൽകിയത്. ഇത് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത്തിനെ നീക്കിയതിലെ അതൃപ്‌തിയാണെന്ന് വ്യക്തമാണ്.

ഗുജറാത്ത് ടൈറ്റൻസിലായിരുന്ന ഹാർദ്ദിക് പാണ്ഡ്യ ഈ സീസണിലാണ് തിരികെ മുംബയിലെത്തിയത്. തൊട്ടുപിന്നാലെയാണ് ക്യാപ്റ്റനായി ഹാർദ്ദികിനെ തീരുമാനിച്ചത്. നേരത്തെ ടി20 ക്രിക്കറ്റിൽ നിന്ന് പിന്മാറുന്ന തരത്തിൽ രോഹിത്ത് തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വൈകാതെ വൈറ്റ്‌ബോൾ ക്രിക്കറ്റും മതിയാക്കും എന്ന് അന്ന് വാർത്ത പ്രചരിച്ചു. ഇതിനിടെയാണ് വരുന്ന ഐപിഎല്ലിൽ ക്യാപ്റ്റൻസിയിൽ നിന്ന് രോഹിത്തിനെ നീക്കിയ വിവരം പുറത്തെത്തുന്നത്.ഭാവിയെ മുന്നിൽ കണ്ടാണ് നിർണായക തീരുമാനമെന്നാണ് മുംബയ് ഇന്ത്യൻസ് ക്യാമ്പ് നായകനെ മാറ്റിയതിനോട് പ്രതികരിച്ചത്.