pic

ടെൽ അവീവ് : ഗാസയിൽ മൂന്ന് ബന്ദികളെ ശത്രുക്കളെന്ന് തെറ്റിദ്ധരിക്കപ്പെട്ട് വെടിവച്ചുകൊന്ന ഇസ്രയേൽ സൈന്യത്തിനെതിരെ രാജ്യത്തിനുള്ളിൽ ശക്തമായ പ്രതിഷേധം. യോതം ഹയാം ( 28 ), അലോൺ ഷാമ്രീസ് ( 26 ), സമീർ തലാൽക്ക ( 25 ) എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിക്ക് സമീപം ഷെജയ്യയിൽ വച്ച് മൂന്ന് ഇസ്രയേലി പൗരന്മാരെ അബദ്ധത്തിൽ വധിച്ചെന്ന വിവരം ഇന്നലെ പുലർച്ചെ ഇസ്രയേൽ സൈന്യം തന്നെയാണ് പുറത്തുവിട്ടത്. വീഴ്ച സമ്മതിച്ച സൈന്യം ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഒക്ടോബർ 7ന് ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസ് തീവ്രവാദികൾ മൂവരെയും ഗാസയിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദൂരെ നിന്ന് സൈന്യത്തിന് നേരെ വന്ന ഇവർ വടിയിൽ വെളുത്ത തുണിക്കെട്ടി ഉയർത്തിക്കാട്ടിയെന്നും ഹിബ്രുവിൽ ഉറക്കെ സഹായം അഭ്യർത്ഥിച്ചെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇസ്രയേൽ സൈനിക നടപടിയുടെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വെടിവയ്പ് നടന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം, ഹമാസ് തീവ്രവാദികൾ സാധാരണക്കാരുടെ വേഷത്തിലും പെരുമാറ്റത്തിലും തന്ത്രപരമായി പോരാട്ടം നടത്തുന്ന മേഖലയാണിതെന്നും ബന്ദികളെ തിരിച്ചറിയുന്നതിൽ സൈനികർ പരാജയപ്പെടാൻ കാരണം ഇതാണെന്നും സൈനിക വക്താവ് അറിയിച്ചു. അതിനിടെ, ടെൽ അവീവ് അടക്കമുള്ള ഇസ്രയേലി നഗരങ്ങളിൽ പ്രതിഷേധം വ്യാപകമായി. ഗാസയിൽ തുടരുന്ന ബന്ദികളെ തിരിച്ചെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വരുംദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകും.

 18,800 കടന്ന് മരണം

ഗാസയിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 18,800 കടന്നു. വടക്കൻ ഗാസയിൽ ഇന്നലെ ജനവാസ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിൽ അൽ - ജസീറയുടെ ക്യാമറാമാൻ സമീർ അബുദഖ കൊല്ലപ്പെട്ടു. അതേ സമയം, ബന്ദികളുടെ മോചനത്തിനായി ഇസ്രയേലിന്റെ സഹകരണത്തോടെ ഖത്തർ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചെന്ന് സൂചനയുണ്ട്. ഗാസയിൽ മാനുഷിക സഹായങ്ങൾ കൂടുതൽ എത്തിക്കാൻ കരീം ഷലോം അതിർത്തി ഇസ്രയേൽ താത്കാലികമായി തുറന്നു. തെക്കൻ ഗാസയ്ക്കും ഇസ്രയേലിനുമിടെയിൽ മുമ്പ് ചരക്കുനീക്കത്തിന് ഉപയോഗിച്ചിരുന്നതാണ് കരീം ഷലോം. ഈജിപ്റ്റിനും ഗാസയ്ക്കുമിടെയിലെ റാഫ അതിർത്തിയിലൂടെയായിരുന്നു യുദ്ധം ആരംഭിച്ച ശേഷം സഹായങ്ങൾ എത്തിച്ചിരുന്നത്.