pic

കാൻബെറ: ഓസ്ട്രേലിയയുടെ 17-ാമത്തെ പ്രധാനമന്ത്രിയായിരുന്ന ഹരോൾഡ് എഡ്വാർഡ് ഹോൾട്ടിനെ കാണാതായിട്ട് ഇന്നേക്ക് 56 വർഷം. 1967 ഡിസംബർ 17ന് തന്റെ അവധിക്കാലം ആഘോഷിക്കാൻ വിക്ടോറിയയിലെ ഷെവിയറ്റ് ബീച്ചിൽ എത്തിയപ്പോഴാണ് ഹോൾട്ടിനെ വിധി തട്ടിയെടുത്തത്.

പണ്ട് മുതൽ നീന്തലിൽ വലിയ കമ്പമുള്ള ആളായിരുന്നു ഹരോൾഡ്. അംഗരക്ഷകരെ ഒഴിവാക്കി ഷെവിയറ്റ് ബീച്ചിലെ തിരമാലകളിലൂടെ ഹരോൾഡ് നീന്തി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഹരോൾഡ് അപ്രത്യക്ഷനായി. ഒട്ടും വൈകാതെ തങ്ങളുടെ പ്രധാനമന്ത്രിക്കായി സുരക്ഷാജീവനക്കാർ തെരച്ചിൽ തുടങ്ങി. പൊലീസ്, റോയൽ ഓസ്ട്രേലിയൻ നേവി ഡൈവേഴ്സ്, ഓസ്ട്രേലിയൻ എയർഫോഴ്സ്, ആർമി ഉദ്യോഗസ്ഥർ, പ്രാദേശിക വോളന്റിയർമാർ തുടങ്ങിയവരെല്ലാം നീന്തലിൽ നല്ല പ്രാവണ്യം ഉണ്ടായിരുന്ന ഹരോൾഡിനായി തെരച്ചിൽ ആരംഭിച്ചു.

ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെരച്ചിൽ ഓപ്പറേഷനാണ് ഷെവിയറ്റ് ബീച്ചിൽ നടന്നത്. പക്ഷേ, ഹരോൾഡിനെ കണ്ടെത്താനായില്ല. കടലാഴങ്ങളിൽ ഹരോൾഡ് മറയുമ്പോൾ അദ്ദേഹം അധികാരത്തിലെത്തിയിട്ട് വെറും 22 മാസമേ ആയിരുന്നുള്ളു. തെരച്ചിലുകളെല്ലാം വിഫലമായതോടെ 1967 ഡിസംബർ 19ന് അദ്ദേഹം മുങ്ങി മരിച്ചതായി ഓസ്ട്രേലിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

1966 ജനുവരി 26നാണ് ഹരോൾഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. വളരെ ചുരുങ്ങിയ കാലയളവിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിപ്പെട്ട ഹാരോൾഡ് ഓസ്ട്രേലിയൻ പാർലമെന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു. 24-ാം വയസിലാണ് ലിബർട്ടി പാർട്ടി നേതാവായ ഹരോൾഡ് പാർലമെന്റ് അംഗമായത്. 20-ാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും ഹരോൾഡാണ്. കാണാതാകുമ്പോൾ 59 വയസായിരുന്നു ഹാരോൾഡിന്.

അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തട്ടിക്കൊണ്ടുപോയതാകാം, അദ്ദേഹം ആത്മഹത്യ ചെയ്തിരിക്കാം, സ്രാവിന്റെ വായിൽ അകപ്പെട്ടേക്കാം, ചൈനീസ് അന്തർവാഹിനി തട്ടിക്കൊണ്ടു പോയിരിക്കാം തുടങ്ങിയ നിരവധി ഊഹാപോഹങ്ങൾ ഹരോൾഡിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.

1939ൽ ജോസഫ് ലയോൺസിനും 1945ൽ ജോൺ കർട്ടിനും ശേഷം അധികാരത്തിലിരിക്കെ മരണപ്പെടുന്ന 3-ാമത്തെ പ്രധാനമന്ത്രിയാണ് ഹരോൾഡ്. കിട്ടാവുന്നതിലധികം ആധുനിക സാങ്കേതിക വിദ്യകൾ തെരച്ചിലിനായി ഉപയോഗിച്ചെങ്കിലും ഹരോൾഡിനെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനാകാതെ പോയത് ഇന്നും ഞെട്ടിക്കുന്ന ഒന്നാണ്.