pic

ബീജിംഗ് : മഞ്ഞു പെയ്യുന്ന ശൈത്യകാലത്തെ വരവേറ്റ് ചൈനയിൽ ഐസ് കൊട്ടാരങ്ങൾ ഉയർന്നു പൊങ്ങിയിരിക്കുകയാണ്. ഇക്കൊല്ലത്തെ ഹാർബിൻ ഇന്റർനാഷണൽ ഐസ് ആൻഡ് സ്നോ ഫെസ്റ്റിവലിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ഐസ് ഫെസ്റ്റിവലാണ് ഹാർബിനിലേത്. പേരു പോലെ തന്നെ മഞ്ഞിൽ നിന്നുമാണ് ഈ ശില്പങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടികൾ ജനുവരി 5നാണ് നടക്കുക. എന്നാൽ,​ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് മഞ്ഞിൽ തീർത്ത ശില്പങ്ങൾ കാണാം. ക്രിസ്മസ് അടുക്കുന്നതോടെയാണ് കൂടുതൽ സഞ്ചാരികൾ ഇവിടേക്കെത്തുക.

എല്ലാ വർഷവും ലക്ഷക്കണക്കിന് പേരാണ് ഐസ് ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്ത പശ്ചാത്തലത്തിൽ ഇത്തവണ റെക്കോഡ് സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ വർണങ്ങളിലെ എൽ.ഇ.ഡി ലൈറ്റുകളാൽ അലംകൃതമാണ് ഈ മഞ്ഞ് ലോകം. ചില പ്രതിമകൾ ഇനിയും പൂർത്തിയാകാനുള്ളതിനാൽ ഹാർബിൻ ഫെസ്റ്റിവലിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ അല്പം കൂടി കാത്തിരിക്കണം. അടുത്ത വർഷം മാർച്ച് ആദ്യം വരെ മഞ്ഞുരുകുന്നത് അനുസരിച്ച് ഫെസ്റ്റിവൽ തുടരും.

ചൈനയുടെ വടക്കു കിഴക്കുള്ള ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയിലാണ് ഹാർബിൻ സ്ഥിതി ചെയ്യുന്നത്. 'സിറ്റി ഒഫ് ഐസ്' എന്നാണ് ഹാർബിൻ നഗരം അറിയപ്പെടുന്നത്. ശൈത്യകാലത്ത് ഹാർബിനിലെ താപനില മൈനസ് 12 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്.

സൺ ഐലൻഡ് ഇന്റർനാഷണൽ സ്നോ സ്കൽപ്ചർ ആർട്ട് എക്സ്പോ, ഹാർബിൻ ഐസ് ആൻഡ് സ്നോ വേൾഡ്, സോൻഘുവ റിവർ ഐസ് ആൻഡ് സ്നോ ഹാർബിൻ വാലി, സോവോലിൻ പാർക്ക് ഐസ് ലാന്റേൺ ഫെയർ എന്നിങ്ങനെ നാല് തീം പാർക്കുകളും 150 ഓളം ഏക്കറിൽ വ്യാപിച്ചിരിക്കുന്ന വർണാഭമായ ഈ ഫെസ്റ്റിവലിന്റെ ഭാഗമാണ്.

ഐസ് കൊണ്ടുള്ള ശില്പങ്ങൾക്കും കെട്ടിടങ്ങൾക്കുമൊപ്പം കൂറ്റൻ ടവറുകളും ഇവിടെ കാണാം. ഐസ് ഹോക്കി, ഐസ് ഫുട്ബോൾ, സ്പീഡ് സ്കേറ്റിംഗ് തുടങ്ങിയ മത്സരങ്ങളും ഫെസ്റ്റിലിന്റെ ഭാഗമായുണ്ട്. ശരിക്കും 1963 നാണ് ഐസ് ഫെസ്റ്റിവൽ തുടങ്ങിയത്. എന്നാൽ, സാംസ്കാരിക വിപ്ലവ കാലയളവിൽ ഫെസ്‌റ്റിവൽ നിലയ്ക്കുകയും പിന്നീട് 1985ൽ പുനരാരംഭിക്കുകയുമായിരുന്നു.

ആയിരക്കണക്കിന് കലാകരൻമാർ ചേർന്നാണ് നിർമ്മിതികൾ തയാറാക്കുന്നത്. ഹാർബിനിലൂടെ ഒഴുകുന്ന സോൻഘുവ നദിയിൽ നിന്ന് ശേഖരിച്ച മഞ്ഞ് കട്ടകൾ കൊണ്ടാണ് രൂപങ്ങൾ നിർമ്മിക്കുന്നത്. സോൻഘുവ കിലോമീറ്ററോളം ഐസ് രൂപത്തിൽ തണുത്തുറഞ്ഞ അവസ്ഥയിലാണിപ്പോൾ.