arrest

തിരുവനന്തപുരം: എക്സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ സ്ത്രീ ഉൾപ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയും ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരിയുമായ രാഞ്ചോ ദേവി 1.06 കി.ഗ്രാം കഞ്ചാവുമായും, ജാർഖണ്ഡ് സ്വദേശി ബൽബിർ മണ്ഡൽ 1.07 കി.ഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പേട്ട ശ്രീവരാഹത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു

സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ PO പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, ആദർശ്, ജയശാന്ത് ഗോപകുമാർ, WCEO അജിതകുമാരി ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു.

അതേസമയം, മയക്കുമരുന്ന് ഗുളികകൾ വില്പന നടത്തിയ പ്രതിയെ പിടികൂടുന്നതിനിടയിൽ കൊല്ലം എക്സൈസ് സ്‌ക്വാഡിനെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതികളിൽ നാല് പേർ കൂടി അറസ്റ്റിലായി. മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി മുണ്ടക്കൽ സ്വദേശി രതീഷ് ഉൾപ്പെടെ സുധീഷ്, ഗിരീഷ്, സനോഫർ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്. രതീഷും സഹോദരൻ സുധീഷും അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.