
പത്തനംതിട്ട: ബി പിയിൽ വ്യതിയാനം ഉണ്ടായതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നവകേരള സദസിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു മന്ത്രി. ഇന്നലെ രാവിലെ മുതൽ നേരിയ തളർച്ചയുണ്ടായിരുന്ന അദ്ദേഹം വൈകിട്ട് നടന്ന ചെങ്ങന്നൂരിലെ നവകേരള സദസിൽ പങ്കെടുക്കാതെ പത്തനംതിട്ടയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മാത്രമാണ് ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും സദസിൽ പങ്കെടുത്തത്. പത്തനംതിട്ടയിലെ ഹോട്ടൽ മുറിയിൽ വിശ്രമിച്ച ശശീന്ദ്രനെ വൈകിട്ട് ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം പരിശോധിച്ചു. ഉയർന്ന രക്തസമ്മർദ്ദം ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാത്ത് ലാബിൽ നാല് മണിക്കൂർ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വൈകിട്ടോടെ ഡിസ്ചാർജ് ചെയ്ത മന്ത്രി കെ.കൃഷ്ണൻകുട്ടി വീണ്ടും നവകേരളസദസിൽ സജീവമായി. ആയാസമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ലെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എൻ.ടി.പി.സി ഗസ്റ്റ് ഹൗസിലെത്തിയ കൃഷ്ണൻകുട്ടി ഇന്നലെ രാവിലെ പ്രഭാത സദസിലും തുടർന്ന് മുഖ്യമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിലും പങ്കെടുത്തു. നവകേരളസദസിലെ പ്രസംഗത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.