arrest1

ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശചെയ്ത ഒബ്സർവേഷൻ ഹോമിലെ രണ്ട് വനിതാ ജീവനക്കാർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ പെൺകുട്ടികൾക്കായുള്ള ഒബ്സർവേഷൻ ഹോമിലാണ് സംഭവം. അറസ്റ്റിലായ രണ്ടുപേരെയും സസ്പെൻഡുചെയ്തു.

പെൺകുട്ടികളെ ഇവർ ഒബ്സർവേഷൻ ഹോമിന് പുറത്തേക്ക് കൊണ്ടുപോവുകയും അവിടെവച്ച് ബലാത്സംഗം ചെയ്യാൻ സൗകര്യം ഒരുക്കുകയുമായിരുന്നു. അറസ്റ്റിലായ രണ്ടുപേരും പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കേസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.

ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമാണ് ജീവനക്കാർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിനുശേഷമാണ് ഇരുവരെയും അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് കുട്ടികൾ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. കടുത്ത നടപടി ഉണ്ടാകുമെന്ന് വനിതാ ശിശുവികസന മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക വകുപ്പുതല അന്വേഷണത്തിനായി രണ്ട് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം കുറ്റാരോപിതരായ സ്ത്രീകൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

കൂടുതൽ കുട്ടികളെ പീഡിപ്പിക്കാൻ ഇവർ ഒത്താശ ചെയ്തിട്ടുണ്ടോ, മറ്റ് ജീവനക്കാർക്കും ഇതിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.