
യുവതിയുടെ ഷർട്ടിന്റെ പിൻഭാഗത്ത് ഓട്ടോഗ്രാഫ് നൽകി അനിമൽ സിനിമാതാരങ്ങൾ. താരങ്ങളായ രൺബീർ കപൂർ, ബോബി ഡിയോൾ. രശ്മിക മന്ദാന തുടങ്ങിയവരാണ് ഫ്ളൈറ്റ് ജീവനക്കാരിയായ ഗീത ചേത്രിയുടെ ഷർട്ടിൽ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന യുവതി വലിയ സന്തോഷത്തിലാണ്. ബോളിവുഡ് പ്രതിഭകളുടെ കൈയക്ഷരം പതിഞ്ഞ ഷർട്ട് വിലപ്പെട്ട സമ്മാനമായി സൂക്ഷിക്കുമെന്നും ഗീത പറയുന്നുണ്ട്. യുവതി തന്നെയാണ് സോഷ്യൽമീഡിയയിൽ സന്തോഷ നിമിഷം പങ്കുവച്ചത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങൾ ഒരുമിച്ച് നടത്തിയ യാത്രയ്ക്കിടയിലാണ് ആവശ്യവുമായി യുവതി എത്തിയത്. രശ്മിക ഗീതയുടെ കൈയിലും റൺബീറും ബോബിയും ഷർട്ടിന്റെ പിൻഭാഗത്തുമാണ് ഓട്ടോഗ്രാഫ് ചെയ്തത്.
അതേസമയം, അനിമൽ ലോകവ്യാപകമായി 737 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ 425 കോടിയാണ് സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് അനിമൽ നേടിയത്. ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബെയിലേയും ഡൽഹിയിലേയും മൾട്ടിപ്ലക്‌സുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ബോബി ഡിയോൾ ആണ് പ്രതിനായകൻ . അനിൽ കപൂർ,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയിന്റേതാണ് ഛായാഗ്രഹണം. ടി-സീരീസ്, സിനി 1 സ്റ്റുഡിയോസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് അനിമൽ ഒരുക്കിയിരിക്കുന്നത്.