attack

റായ്‌പൂ‌ർ: ഛത്തീസ്ഗഡിൽ സുരക്ഷ ഉദ്യോഗസ്ഥരും മാവോയിസ്​റ്റുകളും തമ്മിലുണ്ടായ ഏ​റ്റുമുട്ടലിൽ സെൻട്രൽ റിസർവ് പൊലീസ് സേനയിലെ ( സിആർപിഎഫ്) സബ് ഇൻസ്‌പെക്ടർക്ക് വീരമൃത്യു. ഒരു കോൺസ്റ്റബിളിന് പരിക്കേറ്റു. സുക്മ ജില്ലയിൽ ഇന്ന് പുലർച്ചയോടെ നടന്ന ഏറ്റുമുട്ടലിൽ എസ്ഐ സുധാകർ റെഡ്ഡിയ്ക്കാണ് വീരമൃത്യു സംഭവിച്ചത്.

സിആർപിഏഫിലെ 165-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും ജാഗർഗുണ്ട പൊലീസ് സ്​റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ബ​റ്റാലിയൻ ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പരിക്കേറ്റ കോൺസ്റ്റബിളിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സംഭവസ്ഥലത്ത് നിന്ന് നാല് പേരെ പിടികൂടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മറ്റുളളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.