
വീണ്ടും നായിക തിളക്കത്തിൽ
നഴ്സിംഗ് ആയിരുന്നു പ്രൊഫഷൻ. സിനിമയോട് ഇഷ്ടം തോന്നി അഭിനയരംഗത്തേക്ക് വരുമ്പോൾ ദർശന സുദർശൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അത് സൂപ്പർ യാത്രയായി മാറുമെന്ന്. നായികാ നായകൻ റിയാലിറ്റി ഷോ സിനിമയിലേക്ക് വരാൻ ബിഗ് ടിക്കറ്റ് കൊടുത്തു.
ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ സമ്മാനിച്ച നായിക മുഖം എന്ന വിലാസത്തിന്റെ അക്കൗണ്ടിലേക്ക് പാപ്പച്ചൻ ഒളിവിലാണ്, ഇമ്പം എന്നീ ചിത്രങ്ങൾ കൂടി വന്നു ചേർന്നു. മിഥുൻ മാനുവൽ തോമസിന്റെ അബ്രഹാം ഓസ്ലർ, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം എന്നീ ചിത്രങ്ങളിൽ എത്തി നിൽക്കുന്നു ദർശനയുടെ അഭിനയ യാത്രയിലെ സന്തോഷങ്ങൾ. പുതുവർഷത്തിൽ തെലുങ്ക് താരം ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഒപ്പീസ് എന്ന ചിത്രത്തിൽ നായികയാവുന്നതിന്റെ ആഹ്ളാദത്തിലാണ് ദർശന.
ഏറ്റവും
ഇഷ്ടം
വളരെ പോസിറ്റീവായാണ് എല്ലാ വേഷങ്ങളെയും സമീപിക്കുന്നത്. ഇഷ്ടത്തോടെയാണ് അഭിനയിക്കുന്നത്. ശരിക്കും ആസ്വദിക്കുന്നുണ്ട് . ഓരോ സിനിമകൾ കഴിയും തോറും പുതിയ പാഠങ്ങൾ പഠിക്കുകയാണ്. ഞാൻ എന്നെ തന്നെ വിശകലനം ചെയ്യുന്ന നാളുകളാണിത്, അതോടൊപ്പം അഭിനയത്തിൽ മെച്ചപ്പെടുത്തേണ്ടതെന്തെന്നെല്ലാം മനസിലാക്കേണ്ടതുണ്ട്.
നായികാ നായകൻ റിയാലിറ്റി ഷോ കരിയറിന് ഏറെ പ്രചോദനം പകർന്നു. സുഹൃത്തുക്കൾക്കൊപ്പം വേഷമിട്ട സിനിമ തികച്ചും വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.
ജീവിതത്തിന്റെ ഒരു ഘട്ടത്തിലാണ് എല്ലാവരെയും പോലെ എനിക്കും സിനിമയിൽ വരണം എന്ന ആഗ്രഹം ഉണ്ടാവുന്നത്. റിയാലിറ്റി ഷോ അതിനൊരു ചവിട്ടുപടിയാവുകയായിരുന്നു. വിജയി എന്നതിലുപരി ആ പരിപാടി എനിക്കൊരു അച്ചീവ്മെന്റായിരുന്നു. അതിനുശേഷം അഭിനയം ഒരു ലഹരിയായി മാറുകയും ചെയ്തു.
സ്വപ്നം
യാഥാർത്ഥ്യം
ലാൽ ജോസ് സാറിൽ നിന്നാണ് അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. എന്റെ ആദ്യ ഗുരു ആണ് ലാൽജോസ് സാർ. ആ ശിക്ഷണം നല്ല അഭിനേത്രിയാവുന്നതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്.
മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ പുതുമുഖങ്ങളെ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. ഒട്ടേറെ നായികമാരെ മലയാളത്തിന് നൽകിയതിനൊപ്പം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളും അവർക്കൊപ്പം ആ സംവിധാനത്തിൽ ഒരുങ്ങുകയും ചെയ്തു. അതിനാൽത്തന്നെ അടങ്ങാത്ത ആഗ്രഹമായിരുന്നു, ലാൽ ജോസ് ചിത്രത്തിലൂടെ സിനിമയിലേക്ക് വരിക എന്നത്. അത് യാഥാർത്ഥ്യമായി. സിനിമയെ ഇപ്പോൾ പാഷനായി കണ്ടു തുടങ്ങി. സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന ഒപ്പീസ് സിനിമയിലെ കഥാപാത്രം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മുൻപോട്ട്
തന്നെ
ഓരോ സിനിമ പൂർത്തിയാകുമ്പോഴും വ്യത്യസ്തമായ പാഠങ്ങളാണ് പഠിക്കുന്നത്. സിനിമയിൽ നിന്ന് പഠിക്കാൻ ഇനിയുമുണ്ട്. നല്ല ചിത്രങ്ങളുടെ ഭാഗമാവണം, നല്ല വേഷങ്ങൾ ചെയ്യണം, നായിക വേഷം മാത്രമേ ചെയ്യൂ എന്നില്ല . സിനിമയുമായി മുന്നോട്ട് പോകാനാണ് ഇനി തീരുമാനം. അയൽ, അബ്രഹാം ഓസ്ലർ, വർഷങ്ങൾക്കു ശേഷം എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് കാത്തിരിക്കുന്നു. വീട്ടുകാർ നൽകുന്ന പിന്തുണയാണ് മുൻപോട്ട് നയിക്കാൻ കരുത്ത് നൽകുന്നത്.
പാല ആണ് നാട്. അച്ഛൻ സുദർശന കുമാർ. അമ്മ ലത. സഹോദരങ്ങൾ അർച്ചന, അഞ്ജന.