
നാഗ്‌പൂർ:മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് ബജാർഗാവിലെ സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിൽ പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കൽക്കരി ഖനനത്തിനുള്ള സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയാണ് സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്. നിർമ്മാണം കഴിഞ്ഞ സ്ഫോടക വസ്തുക്കൾ പാക്കുചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോർട്ട്.സ്‌ഫോടനം നടക്കുമ്പോൾ യൂണിറ്റിനുള്ളിൽ ആകെ 12 തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു.കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിലായിരുന്നു സ്‌ഫോടനം.വിവരമറിഞ്ഞെത്തിയ പൊലീസാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പൊട്ടിത്തെറിക്ക് കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.'നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീയിലുണ്ടായ സ്ഫോടനത്തിൽ ആറു സ്ത്രീകളടക്കം ഒമ്പതുപേർ മരിച്ചുവെന്നത് വളരെ ദൗർഭാഗ്യകരമാണ്. പ്രതിരോധ സേനയ്ക്ക് ആവശ്യമായ ഡ്രോണുകളും സ്ഫോടക വസ്തുക്കളും നിർമ്മിക്കുന്ന കമ്പനിയാണിത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ സഹായം നൽകും'-ദേവേന്ദ്ര ഫഡ്‌നാവിസ് എക്‌സിൽ കുറിച്ചു.