stock

കൊച്ചി: രാജ്യത്തെ പ്രാരംഭ ഓഹരി വില്പന(ഐ.പി.ഒ) ഈ ആഴ്ചയും സജിവമാകും. പുതുതായി പന്ത്രണ്ട് കമ്പനികളാണ് പ്രാരംഭ ഓഹരി വില്പനയിലൂടെ പണം സമാഹരിക്കാൻ വിപണിയിലെത്തുന്നത്. വിദേശ നിക്ഷേപകരുടെ പങ്കാളിത്തത്തിലെ വർദ്ധനയും സാമ്പത്തിക മേഖലയിലെ മികച്ച വളർച്ചയുമാണ് കൂടുതൽ കമ്പനികളെ പ്രാരംഭ ഓഹരി വില്പനയ്ക്ക് പ്രേരിപ്പിക്കുന്നത്. ഈ ആഴ്ച ഓഹരി വില്പനയിലൂടെ 4,600 കോടി രൂപ സമാഹരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

നടപ്പു വർഷം പ്രാഥമിക ഓഹരി വില്പനയിലൂടെ 239 കമ്പനികൾ ചേർന്ന് 57,720 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിച്ചത്. ഐ.പി.ഒ നടത്തിയ കമ്പനികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വൻ വർദ്ധനയുണ്ടെങ്കിലും സമാഹരിക്കുന്ന തുകയിൽ ഈ വർഷം കുറവുണ്ടായേക്കും.

അമേരിക്കയിലെ ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാനുള്ള സാദ്ധ്യത, ഇന്ത്യയുടെ ജി.ഡി.പിയിലുണ്ടായ 7.6 ശതമാനം വളർച്ച, തിരഞ്ഞെടുപ്പുകളിൽ ബി.ജെപി നേടിയ വമ്പൻ വിജയം എന്നിവയാണ് നിലവിൽ രാജ്യത്തെ ഓഹരി വിപണിയെ റെക്കാഡ് ഉയരങ്ങളിലേക്ക് നയിക്കുന്നത്.

കേരളം ആസ്ഥാനമായ മുത്തൂറ്റ് മൈക്രോ ഫിന്നിന്റെ പ്രാരംഭ ഓഹരി വില്പനയാണ് ഈ വാരം ആദ്യം നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ഓഹരി വില്പനയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഡിസംബർ 20ന് വില്പന അവസാനിക്കും. ഓഹരി ഒന്നിന് 277 രൂപ മുതൽ 291 രൂപ വരെയാണ് വില നിശ്ചയിച്ചിട്ടുള്ളത്.

ജയ്പൂരിലെ മോട്ടിസൺസ് ജൂവലേഴ്സ് 151 കോടി രൂപയാണ് ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത്. ഐ. പി.ഒ ഇന്ന് ആരംഭിക്കും. മുംബയിലെ സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്സ് 400 കോടി രൂപയാണ് ഈ വാരം ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത്. നാളെ തുടങ്ങുന്ന ഹാപ്പി ഫോർജിംഗ്സിന്റെ ഐ.പി.ഒ യിലൂടെ 1009 കോടി രൂപയുടെ ഓഹരി വില്പനയാണ് നടക്കുന്നത്.

ആർ.ബി.ഇസഡ് ജുവലേഴ്സ്, ക്രെഡോ ബാൻഡ്സ് മാർക്കറ്റിംഗ്, ആസാദ് എൻജിനിയറിംഗ്, ഇന്നോവ കാപ്ടാബ്, ഐനോക്സ് തുടങ്ങിയവയാണ് പ്രാഥമിക ഓഹരി വില്പനയുമായി വിപണിയിലെത്തുന്ന മറ്റ് പ്രമുഖ കമ്പനികൾ.