maruti

കൊച്ചി: സാധാരണക്കാരുടെ ജനപ്രിയ കാറായ മാരുതി 800 ഇന്ത്യൻ വിപണിയിൽ അവതരിച്ചിട്ട് 40 വർഷം തികയുന്നു. അംബാസഡറും പ്രീമിയർ പദ്മിനിയും വാണിരുന്ന ഇന്ത്യൻ വിപണിയിലേക്ക് ചെറു കാറ്റായി എത്തിയ മാരുതി 800 കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യൻ ഇടത്തരക്കാരുടെ ഹൃദയം കീഴടക്കി രാജ്യത്തെ ഏറ്റവും വലിയ വളർച്ച നേടിയ കാർ മോഡലായി മാറി. സാങ്കേതികവിദ്യയിലും സൗകര്യങ്ങളിലും കരുത്തിലും ഏറെ മികവോടെ വലിയ ബ്രാൻഡുകളും മോഡലുകളും വിപണിയിലെത്തിയോടെ കളംവിട്ടെങ്കിലും ഗൃഹാതുരത്വം ഏറെ ഉയർത്തുന്ന കാർ മാരുതി 800 തന്നെയാണ്. മാരുതി 800 ന് പിന്നാലെ ആൾട്ടോയും ആൾട്ടോ 800 എത്തിയെങ്കിലും പഴയ ജനപ്രിയത നേടാനായില്ല.

1983 ഡിസംബർ 14 ന് ആണ് മാരുതി 800 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഇന്ത്യൻ എയർലൈൻസിലെ ഉദ്യോഗസ്ഥനായ ഡെൽഹി സ്വദേശിയായ ഹർപാൽ സിംഗിന് താക്കോൽ നൽകി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് മാരുതി 800 ന്റെ ഉദ്ഘാടനം നിർവഹിച്ചത്. സമ്പന്നർക്കും അധികാര വർഗങ്ങൾക്കും മാത്രം അവകാശപ്പെട്ടിരുന്ന കാർ എന്ന സ്വപ്നം ഇടത്തരക്കാർക്കും യാഥാർത്ഥ്യമാക്കുന്നതിനാണ് മാരുതി 800 ന്റെ വരവോടെ സാധ്യമായത്. മാരുതിയുടെ ഗുർഗാവ് ഫാക്ടറിയിൽ നിന്നാണ് ആദ്യ വാഹനം പുറത്തിറങ്ങിയത്. അന്നത്തെ വില 47,500 രൂപയായിരുന്നു.

രണ്ടു മാസത്തിനുള്ളിൽ 1.35 ലക്ഷം മാരുതി 800 കാറുകൾക്കാണ് ഇടത്തരക്കാർ ഓർഡർ നൽകിയത്. കാർ സ്വന്തമാക്കാൻ പലരും മൂന്ന് വർഷം വരെയാണ് കാത്തിരുന്നത്. അൻപത് കിലോമീറ്റർ സ്പീഡിൽ സ്ഥിരതയോടെ ഓടിച്ചാൽ ലിറ്ററിന് 29.95 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം മാരുതി 800 കാറുകളാണ് കമ്പനി വിറ്റഴിച്ചത്.

മുപ്പത് വർഷം ഇന്ത്യയുടെ ഏറ്റവും വലിയ ജനപ്രിയ കാറായി നിലനിന്ന മാരുതി 800 കാർ 2014 ൽ നിരത്തിൽ നിന്നും പിൻവലിച്ചു. ഇക്കാലയളവിൽ 27 ലക്ഷം മാരുതി 800 ആണ് ഇന്ത്യയിൽ വിറ്റഴിച്ചത്.

ഓമ്നി മിനിവാൻ പിറന്നാൾ അടുത്തവർഷം

മാരുതി 800 ന്റെ വിജയ ശേഷം എത്തിയ മറ്റൊരു ജനകീയ മോഡലായ ഓമ്നി വാൻ 1984 ൽ ആണ് വിപണിയിൽ അവതരിപ്പിക്കുന്നത്. തൊട്ടടുത്ത വർഷം യുവാക്കളുടെ മനം കവർന്ന മോഡലായ ജിപ്സിയും കമ്പനി വിപണിയിലെത്തിച്ചു. ഏറെക്കാലം ഇന്ത്യൻ നിരത്തുകൾ അടക്കി വാണ ഈ കാർ മോഡലുകൾ ഇപ്പോഴും മികച്ച ഓർമ്മകളാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

ജിപ്സിയുടെ പുതിയ അവതാരത്തിന് തണുത്ത പ്രതികരണം

മാരുതിയുടെ ഒരുകാലത്തെ ഐക്കോണിക് മോഡലായ ജിപ്സിയെ അനുസ്മരിച്ച് പുറത്തിറക്കിയ ജിമ്നിക്ക് വിപണിയിൽ തണുപ്പൻ പ്രതികരണം. ഏഴ് മാസത്തിന് മുമ്പ് വിപണിയിലെത്തിയ ജിമ്നിക്ക് ഉപഭോക്താക്കളുടെ ഇടയിൽ കാര്യമായ ആവേശം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്ന് വാഹന ഡീലർമാർ പറയുന്നു. വലിയ വില ഇളവുകൾ നൽകിയിട്ടും ഇത്തവണ യുവാക്കൾ പുതിയ മോഡലിനോട് കാര്യമായ താത്പര്യം പ്രകടിപ്പിക്കുന്നില്ല.