omicron-jn-1

തിരുവനന്തപുരം: അതിവേഗം പടരാൻ ശേഷിയുളള കൊവിഡ് വകഭേദം ഒമിക്രോൺ ജെഎൻ 1 കേരളത്തിലും റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ. വ്യാപനശേഷി കൂടിയ ഒമിക്രോൺ ജെഎൻവണിന് ആർജ്ജിത പ്രതിരോധശേഷിയെ മറികടക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. നിലവിൽ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. 1523 കേസുകളാണ് ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല പങ്കും ജെ എൻ.1 വകഭേദമാണെന്നാണ് കണക്ക്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഒരു രോഗിയിൽ നിന്നും ശേഖരിച്ച സാമ്പിളിൽ ഒമിക്രോൺ ജെഎൻവണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.ഇതിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം 199 പേർക്കാണ് സംസ്ഥാത്ത് കൊവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകൾ 1701 എന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ കണക്ക്. ഇതിൽ 1523ഉം കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റുളള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധന കൂടുതലായതുകൊണ്ടാണ് ഉയർന്ന കണക്കെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ മാസം മുതലാണ് കേരളത്തിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചത്.സംസ്ഥാനത്ത് ഒമിക്രോൺ ജെഎൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് പരിശോധനകൾ ഇനിയും ഉയർത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.