
പത്തനംതിട്ട: ജനപ്രതിനിധിയായി സേവനമനുഷ്ടിച്ചിട്ടുള്ളയാൾക്ക് എങ്ങനെയാണ് പ്രക്ഷോഭകരെ ക്രിമിനൽസ് എന്ന് വിളിക്കാനാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് വിവേകമില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗവർണർ എന്തൊക്കയോ വിളിച്ചുപറയുന്ന അവസ്ഥയാണ്. അദ്ദേഹത്തിന്റെ നടപടികൾ സ്വാഭാവിക പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണുണ്ടായത്. കേന്ദ്ര സഹായത്താലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്‌എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. അതാണ് വിദ്യാർത്ഥി പ്രതിഷേധത്തിന് കാരണമായത്.
ഗവർണർ ജനപ്രതിനിധിയായും മന്ത്രിയായും ഇരുന്നിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെ ഒരാൾക്ക് എങ്ങനെയാണ് പ്രക്ഷോഭകരെ ക്രിമിനൽസ് എന്ന് വിളിക്കാൻ കഴിയുന്നത്. ആ രീതിയിലാണോ ഒരു പൊതുപ്രവർത്തകൻ പ്രക്ഷോഭത്തെ സമീപിക്കേണ്ടത്. എത്ര വിവേകമില്ലാത്ത നടപടിയാണിത്. അദ്ദേഹത്തിന്റെ പ്രകടനം വീക്ഷിക്കുന്ന ഏതൊരാളും ഇദ്ദേഹത്തിന് എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയ്ക്ക് ഉപയോഗിക്കാനാവുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം ഉണ്ടാക്കാനാണ് ഗവർണർ ശ്രമിച്ചത്.
ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്നയാളെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ. എന്താണ് അതിന്റെ അർത്ഥം. എത്രമാത്രം പ്രകോപനപരമായിട്ടാണ് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്. നമ്മുടെ നാട്ടിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നിലവിൽ നടക്കുന്നത്.
ഞങ്ങളുടെ നേരെ ഒരുപാട് കരിങ്കൊടി കാണിച്ചതിന്റെയും ബസിന്റെ മുന്നിൽ ചാടിയവരെ തള്ളിമാറ്റിയതുമൊക്കെയായിട്ട് വിവാദമുണ്ടായിരുന്നല്ലോ. മറ്റുള്ളവരുടെ നേരെ കൈവീശുന്നതുപോലെ കരിങ്കൊടിയുമായി വന്നവർക്ക് നേരെയും ഞാൻ കൈവീശി. അവരെ ആരെയെങ്കിലും തെറി പറഞ്ഞോ. അവരെ പള്ള് പറയാൻ ഞങ്ങൾ തയ്യാറായോ. പ്രതിഷേധം അക്രമരൂപത്തിലേയ്ക്ക് മാറരുതെന്ന് മാത്രമാണ് പറഞ്ഞത്. അക്രമത്തിലേയ്ക്ക് മാറുന്ന സാഹചര്യമുണ്ടായാൽ പൊലീസ് ഇടപെടും. പിന്നീട് അതിൽ വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞത്'- മുഖ്യമന്ത്രി വ്യക്തമാക്കി.