
പത്തനംതിട്ട: റാന്നിയിലെ നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിന് മുൻപ് തന്നെ സംഘർഷം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങിനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്എഫ്‌ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയനും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനം എത്തുന്നതിന് മുൻപായിരുന്നു സംഘർഷം. കമ്പിൽ കറുത്ത തുണി കെട്ടി നവകേരള ബസിനുനേരെ വലിച്ചെറിയുന്നതിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മണിക്കൂറുകളായി പുനലൂർ-മൂവാറ്റുപുഴ പാതയിൽ കാത്തുനിൽക്കുകയായിരുന്നു. പിന്നാലെയെത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ഇതോടെയാണ് എസ്എഫ്‌ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു . ഏകദേശം ഇരുപത് മിനിട്ടോളം പാതയിൽ സംഘർഷം നീണ്ടു നിന്നു. തുടർന്ന് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റി പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.