തിരുവനന്തപുരം: ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് ശിക്ഷ വിധിക്കും. 9 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയേറ്റം,വീട്ടുപകരണങ്ങൾ നശിപ്പിക്കൽ,കൊലപാതകശ്രമം,കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്. ശിക്ഷയെക്കുറിച്ച് പ്രതികൾക്ക് പറയാനുള്ള വാദം കോടതി രാവിലെ കേൾക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ ഹാജരാകും.
കമലേശ്വരം ബലവാൻ നഗറിൽ കടച്ചിൽ അനി എന്ന് വിളിക്കുന്ന അനിൽകുമാർ (45), മണക്കാട് കളിപ്പാൻകുളം കഞ്ഞിപ്പുരയിൽ ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനിൽകുമാർ(41), സുനിയുടെ സഹോദരൻ അനിൽകുമാർ(45), കഞ്ഞിപ്പുര തോപ്പുവിളാകം വീട്ടിൽ മനോജ് (38), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ഉണ്ണി (41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ഗോവർദ്ധൻ എന്ന് വിളിക്കുന്ന സതീഷ് കുമാർ(43), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ്(41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ തോപ്പുവിളാകം വീട്ടിൽ സന്തോഷ്(42),കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്(38), എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.