ss

പാച്ചുവും അത്ഭുതവിളക്കും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകൻ. ഇതാദ്യമായാണ് നിവിനും അഖിൽ സത്യനും ഒരുമിക്കുന്നത്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഫാന്റസി ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ രചനയും അഖിൽ സത്യനാണ് നിർവഹിക്കുന്നത്. നായികയെയും മറ്റു താരങ്ങളെയും ഉടൻ തീരുമാനിക്കും. പുതുവർഷത്തിൽ നവാഗതനായ ആര്യൻ ഗിരിജ വല്ലഭന്റെ ചിത്രത്തിൽ ആണ് നിവിൻ പോളി ആദ്യം അഭിനയിക്കുക. തുടർന്ന് അഖിൽ സത്യന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് തീരുമാനം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ ഇപ്പോൾ . പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ ഉൾപ്പെടെ നീണ്ട താരനിരയുണ്ട്. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനുശേഷം വിനീത് ശ്രീനിവാസനും നിവിൻ പോളിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അതേ സമയം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതുവർഷത്തിൽ നിവിന്റെ ആദ്യ റിലീസ്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം.

ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ചേർന്നാണ് നിർമ്മാണം.