manoj-kumar

പാട്‌ന: പൂജാരിയെ വെടിവച്ച് കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്‌ന്നെടുത്തു. ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം നടന്നത്. മനോജ് കുമാർ (32) എന്ന ക്ഷേത്ര പുരോഹിതനാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകുന്നേരത്തോടെ കുറ്റിക്കാട്ടിൽ നിന്ന് മനോജ് കുമാറിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും പരിക്കുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ജനനേന്ദ്രിയം മുറിച്ചുകളഞ്ഞ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ മനോജിനെ കാണാനില്ലായിരുന്നു. അ‌ർദ്ധരാത്രിയിൽ ദനാപൂരിലെ ശിവക്ഷേത്രത്തിൽ നിന്ന് മടങ്ങിപ്പോകുന്നതായാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

മനോജ് കുമാറിന്റെ സഹോദരൻ ബിജെപി പ്രവർത്തകനായിരുന്നു. പൂജാരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിഷേധക്കാ‌ർ ദേശീയപാത ഉപരോധിക്കുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഒരു പൊലീസ് വാഹനത്തിനും പ്രതിഷേധക്കാർ തീവച്ചു.

മനോജ് കുമാറിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ചൊവ്വാഴ്‌ച കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഗ്രാമത്തിൽ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മനോജ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.