
ന്യൂഡൽഹി : ഡൽഹി മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന 35കാരി മരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച ഇന്ദർലോക് സ്റ്രേഷനിലായിരുന്നു സംഭവം. നംഗ്ലോയിൽ നിന്ന് മോഹൻ നഗറിലേക്ക് പോകാൻ 10 വയസുള്ള മകനൊപ്പം അവിടെയെത്തിയ റീനാ ദേവിയാണ് ഇരയായത്. റീന ആദ്യം ട്രെയിനിനുള്ളിൽ കയറിയെങ്കിലും പ്ലാറ്റ്ഫോമിൽ തന്നെ നിൽക്കുകയായിരുന്ന മകനെ കൂട്ടാൻ ഇറങ്ങി. ഇതിനിടെ സാരിത്തുമ്പ് അബദ്ധത്തിൽ വാതിലിൽ കുടുങ്ങുകയായിരുന്നു. പ്ലാറ്റ്ഫോമിലൂടെ മീറ്രറുകളോളം വലിച്ചിഴക്കപ്പെട്ട റീന റെയിൽ ട്രാക്കിൽ വീണു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മൂന്ന് ആശുപത്രികളിലെത്തിച്ചപ്പോഴും വെന്റിലേറ്രർ സൗകര്യമില്ലാത്തതിനാൽ പ്രവേശിപ്പിക്കാനായില്ല. തുടർന്ന് സഫ്ദർജങ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെയെത്തിയപ്പോൾ റീനയുടെ നില അതീവ ഗുരുതരമായി. ചികിത്സയ്ക്കിടെ ശനിയാഴ്‌ച മരിച്ചു. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് പച്ചക്കറി വിറ്റ് മക്കളെ വളർത്തിവരികയായിരുന്നു. അനാഥരായ കുട്ടികളുടെ ഭാവിയെ കുറിച്ച് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചു.
അന്വേഷണം പ്രഖ്യാപിച്ചു
സംഭവത്തിൽ മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണം പ്രഖ്യാപിച്ചു. മെട്രോ വാതിലിന്റെ സെൻസർ കൃത്യമായി പ്രവർത്തിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും വസ്തു ഇടയിൽ വന്നാൽ ഓട്ടോമാറ്റിക്കായി വാതിൽ തുറക്കുന്ന സംവിധാനമാണ് മെട്രോ റെയിലിൽ ഉള്ളതെന്നാണ് അവകാശവാദം.