
മുംബയ്: കാമുകിയെ ക്രൂരമായി മർദ്ദിച്ച് കാലിൽ കാർ കയറ്രിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകനെതിരെ കൂടുതൽ ആരോപണങ്ങൾ. മഹാരാഷ്ട്ര റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ അനിൽ ഗെയ്‌ക്‌വാദിന്റെ മകൻ അശ്വജിത്ത് ഗെയ്‌ക്‌വാദിനെതിരെയാണ് പ്രിയ സിംഗ് എന്ന യുവതി രംഗത്തെത്തിയത്.
വിവാഹിതനാണെ വിവരം മറച്ചുവച്ചാണ് താനുമായി അടുപ്പം സ്ഥാപിച്ചതെന്നും ഏറെ നാളായി പ്രണയത്തിലായിരുന്നെന്നും പ്രിയ ആരോപിച്ചു. അശ്വജിത്ത് ക്രൂരമായി മർദ്ദിച്ച് കാലിൽ കാർ കയറ്രിയെന്ന് കഴിഞ്ഞ ദിവസം പ്രിയ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അശ്വജിത്ത് ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
വിവാഹിതനാണെന്ന് അറിഞ്ഞത് വൈകിയാണ്. എന്നാൽ അപ്പോഴും ഭാര്യയുമായി വേർപിരിഞ്ഞാണ് കഴിയുകയാണെന്നാണ് പറഞ്ഞത്. തന്നെ വിവാഹം കഴിക്കാനാണ് താത്‌പര്യമെന്നു പറഞ്ഞു. ഏറെ നാൾ അയാൾക്കൊപ്പം കഴിഞ്ഞു. ചൊവ്വാഴ്‌ച പുലർച്ചെ നാലിന് അശ്വജിത്ത് വിളിച്ചതനുസരിച്ചാണ് കാണാൻ പോയത്. പക്ഷേ അവിടെ ഭാര്യയുമുണ്ടായിരുന്നു. അതുകണ്ട് അയാളോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ തന്നെ ആക്രമിച്ചു. തുടർന്ന് തർക്കമുണ്ടാകുകയും തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും പ്രിയ പറയുന്നു.
ആക്രമണത്തിൽ വലതു കാലിലെ മൂന്ന് എല്ലുകൾക്ക് പൊട്ടലുണ്ടായി. ശസ്ത്രക്രിയ നടത്തി. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. അനങ്ങാൻ പോലും കളിയാത്ത അവസ്ഥ. ദിവസങ്ങൾക്ക് മുമ്പ് പരാതി നൽകിയെങ്കിലും പൊലീസ് സ്വീകരിച്ചില്ല. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിവരം അറിയിച്ചപ്പോൾ പൊലീസ് പിന്തുണയുമായെത്തിയെന്നും പറഞ്ഞു. അതേസമയം യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച അശ്വജിത്ത് ഇതെല്ലാം പണം തട്ടാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. പ്രിയ സുഹൃത്ത് മാത്രമാണ്. കുടുംബവുമൊത്ത് പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ മദ്യ ലഹരിയിൽ പ്രിയ അവിടെ എത്തി. സംസാരിക്കാൻ നിർബന്ധിച്ചപ്പോൾ താൻ വിസമ്മതിച്ചു. ഇതിനിടെ ഇടപെടാൻ ശ്രമിച്ച സുഹൃത്തുക്കളെ പ്രിയ മർദ്ദിച്ചെന്നും അശ്വജിത്ത് പ്രതികരിച്ചു. ബോധപൂർവം കാർ ഇടിപ്പിച്ചില്ല. ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തപ്പോൾ യുവതി മാറിനിന്നില്ല. വീണു. അങ്ങനെയാണ് കാലിലൂടെ കാർ കയറിയത്. പല തവണ യുവതിക്ക് പണം നൽകി. ഇതും പണം നൽകാനുള്ള ശ്രമമാണെന്നും പണം നൽകിയതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്നും അശ്വജിത്ത് പ്രതികരിച്ചു. സമൂഹ മാദ്ധ്യമത്തിൽ
ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട് പ്രിയയ്ക്ക്. കുടുംബത്തിൽ ഒരു പരിപാടിയുണ്ടെന്നും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് അശ്വജിത്ത് വിളിച്ചുവരുത്തിയെന്നും മർദ്ദിക്കുകയും കാർ കയറ്റിയെന്നുമാണ് പ്രിയ ആരോപിച്ചത്.