
കേരള ഫുട്ബാൾ അസോസിയേഷനെ വിലക്കാൻ നോട്ടീസ് നൽകി സ്പോർട്സ് കൗൺസിൽ
വോളിബാൾ, ഹോക്കി,കബഡി,ചെസ്,ടേബിൾ ടെന്നിസ്...വിലക്കിലുള്ള അസോസിയേഷനുകളുടെ പട്ടിക നീളുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ കായിക അസോസിയേഷനുകളുടെ പ്രവർത്തനം സുഗമമായി നടത്താൻ ചാലകശക്തിയായി പ്രവർത്തിക്കേണ്ട സംസ്ഥാന സ്പോർട്സ് കൗൺസിൽ അധികാരതർക്കത്തിന്റെ പേരിൽ അസോസിയേഷനുകൾക്ക് വിലക്കേർപ്പെടുത്തുന്നത് അനുസ്യൂതം തുടരുന്നു. വോളിബാൾ, ഹോക്കി,കബഡി,ചെസ്,ടേബിൾ ടെന്നിസ്,ടഗ് ഒഫ് വാർ തുടങ്ങിയ അസോസിയേഷനുകളൊക്കെ വിലക്കിലാണ്. കഴിഞ്ഞ ദിവസം കേരള ഫുട്ബാൾ അസോസിയേഷന് വിലക്കാതിരിക്കാൻ കാരണം കാണിച്ച് നോട്ടീസ് അയച്ചിരിക്കുകയാണ്. കൗൺസിലിന് വഴങ്ങിക്കൊടുക്കാൻ കെ.എഫ്. എ തയ്യാറല്ലാത്തതിനാൽ ഇവിടെയും വിലക്കുവരുമെന്ന് ഉറപ്പാണ്.
വർഷങ്ങളായി പല കാരണങ്ങളാൽ വിലക്കിലായി സംഘടനകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെയാണ് കൗൺസിൽ അടുത്ത വിലക്കിലേക്ക് നീങ്ങുന്നത്. കൗൺസിൽ തലപ്പത്തിരിക്കുന്നവരുടെ താത്പര്യങ്ങൾക്ക് ഒത്തുനിൽക്കാത്തതിനാലാണ് പല അസോസിയേഷനുകളുടെയും വിലക്കിന് കാരണമെന്ന് ആക്ഷേപമുണ്ട്.
ഫുട്ബാളിലെപ്രശ്നം
കേരള സ്പോർട്സ് ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായാണ് കെ.എഫ്.എ. ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നതെന്ന സ്പോർട്സ് കൗൺസിൽ നിരീക്ഷകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എഫ്.എയ്ക്ക് മെമ്മോ നൽകിയിരിക്കുന്നത്. ഇലക്ടറൽ കോളേജിലുള്ള അംഗങ്ങളെയല്ല ഭാരവാഹികളായി തിരഞ്ഞെടുത്തതെന്നും ഇലക്ടറൽ കോളേജിലുള്ള അംഗങ്ങളെക്കാൾ കൂടുതൽ അംഗങ്ങൾ വാർഷികപൊതുയോഗത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുത്തിരുന്നെന്നും സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തിയില്ലെന്നും നിരീക്ഷകന്റെ റിപ്പോർട്ടിലുണ്ട്.
അതേസമയം സ്പോർട്സ് കൗൺസിലിന്റെ മെമ്മോ നിയമാനുസൃതം നിലനിൽക്കില്ലെന്നാണ് കെ.എഫ്.എ.യുടെ നിലപാട്. അന്താരാഷ്ട്ര സംഘടനയായ ഫിഫയുടെ ഭരണഘടനയനുസരിച്ചാണ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും കേരള ഫുട്ബാൾ അസോസിയേഷനും പ്രവർത്തിക്കുന്നത്. ഫിഫയും അവരുടെ സെക്രട്ടറിയെ നിയമിക്കുകയാണ് പതിവ്. അതനുസരിച്ചാണ് കെ.എഫ്.എ.യും സെക്രട്ടറിയെ നിയമിച്ചതെന്നാണ് വിശദീകരണം.
ഓഗസ്റ്റ് 20-നാണ് എറണാകുളത്ത് കെ.എഫ്.എ. വാർഷികപൊതുയോഗവും തിരഞ്ഞെടുപ്പും നടന്നത്. പ്രസിഡന്റായി വ്യവസായി നവാസ് മീരാനെ തിരഞ്ഞെടുത്തശേഷം സെക്രട്ടറിയായി പി. അനിൽകുമാറിനെ നിയമിക്കുകയായിരുന്നു. കഴിഞ്ഞതവണയും അനിൽകുമാറായിരുന്നു സെക്രട്ടറി.
പെട്ടുപോകുന്നത് കളിക്കാർ
സ്പോർട്സ് കൗൺസിൽ അസോസിയേഷനുകളെ വിലക്കുമ്പോൾ പെട്ടുപോകുന്നത് കളിക്കാരാണ്.കേരളത്തിലെ പ്രധാനപ്പെട്ട കായിക ഇനങ്ങളിൽ ദേശീയ തലത്തിൽ മത്സരിക്കാനുള്ള അവസരമാണ് വിലക്കിലൂടെ നഷ്ടമാവുക. പരിശീലന ക്യാമ്പ് നടത്താനും ദേശീയ തലത്തിൽ മത്സരിക്കാൻ പോകാനുമുള്ള സർക്കാർ ഫണ്ട് അസോസിയേഷനുകൾക്ക് നൽകുന്നത് കൗൺസിലാണ്. വിലക്കിലായാൽ ഈ ഫണ്ട് ലഭിക്കില്ല. കളിക്കാരുടെ ഭാവി വെള്ളത്തിലാകും. ദേശീയ ഫെഡറേഷനുകൾ അംഗീകരിക്കുന്നവർക്കാണ് കൗൺസിൽ അംഗീകാരം നൽകേണ്ടത്. എന്നാൽ ദേശീയ തലത്തിൽ അംഗീകാരമുള്ളവർക്ക് ഇവിടെ അംഗീകാരം നൽകാതെ അസോസിയേഷനുകളെ പിളർത്തി മറ്റൊരു വിഭാഗത്തിന് അംഗീകാരം നൽകുന്ന രീതിയാണ് കൗൺസിൽ സ്വീകരിക്കുന്നത്. ഇതോടെ കേരളത്തിന്റെ താരങ്ങളെ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മത്സരിപ്പിക്കാതെ വരുന്നു. പല കായിക ഇനങ്ങളിലും കോടതി വിധി വഴിയാണ് കേരള താരങ്ങൾ മത്സരിക്കുന്നത്.