jayasankar

ബംഗളൂരു: ഖാലിസ്ഥാൻ വിഷയവുമായി ബന്ധപ്പെട്ട് യു.എസും കാനഡയും ഇന്ത്യയോട് ഉന്നയിച്ചത് വ്യത്യസ്‌ത

വിഷയങ്ങളാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ ബംഗളൂരുവിലെ പൊതുപരിപാടിയിൽ പങ്കെടുക്കവെയായിരുന്നു പ്രതികരണം.

യു.എസ് വിഷയം അവതരിപ്പിച്ചപ്പോൾ ചില പ്രത്യേക കാര്യങ്ങൾ കൂടി അറിയിച്ചു.ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകർത്തെന്ന് യു.എസ് അടുത്തിടെ ആരോപിച്ചിരുന്നു. വിഷയത്തിൽ അന്വേഷണത്തിന് ഇന്ത്യ പ്രത്യേക സമിതിയും രൂപീകരിച്ചു.

​ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വിവാദമായിരുന്നു.

യു.എൻ രക്ഷാസമിതി പഴയ ക്ലബ് പോലെ

ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി പഴയ ക്ലബ് പോലെയായെന്നും പുതിയ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകാൻ തയാറാകുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.

പഴയ അംഗങ്ങൾ ക്ലബിന്റെ നിയന്ത്രണം കൈയടക്കിവച്ചിരിക്കുകയാണ്. അവരുടെ പ്രവൃത്തികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പറഞ്ഞു.

ഇത് പരാജയമാണ്. ഇസ്രയേൽ - ഹമാസ് സംഘർഷമടക്കം പല ആഗോള പ്രശ്നങ്ങളിലും യു.എന്നിന് കാര്യക്ഷമമായി ഇടപെടാനാകുന്നില്ല. ഈ രീതി മാറണം. മിക്ക രാജ്യങ്ങളുടെയും അഭിപ്രായം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.