cricket

ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ

ദക്ഷിണാഫ്രിക്ക 116ന് ആൾഒൗട്ട്, 200 പന്ത് ശേഷിക്കേ ഇന്ത്യൻ ജയം

അർഷ്ദീപ് സിംഗിന് അഞ്ചുവിക്കറ്റ് മാൻ ഒഫ് ദ മാച്ച് , ആവേശ് ഖാന് നാലുവിക്കറ്റ്

സായ് സുദർശന് (55*)അരങ്ങേറ്റ അർദ്ധസെഞ്ച്വറി, ശ്രേയസിനും(52) അർദ്ധസെഞ്ച്വറി

ജോഹന്നാസ്ബർഗ് : വാണ്ടററേഴ്സിലെ ഇന്ത്യൻ പേസർമാരുടെ വണ്ടർഫുൾ ബൗളിംഗിന് മുന്നിൽ വിരണ്ടുവീണ് ദക്ഷിണാഫ്രിക്ക. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. വാണ്ടററേഴ്സ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ വെറും 27.3 ഓവറിൽ 116 റൺസിന് ആൾഒൗട്ടാക്കിയ ശേഷം 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ വിജയിക്കുകയായിരുന്നു കെ.എൽ രാഹുൽ നയിച്ച ഇന്ത്യ.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ മണ്ണിൽ അഞ്ചുവിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ പേസറായി ചരിത്രം കുറിച്ച അർഷ്ദീപ് സിംഗും നാലുവിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും ചേർന്നാണ് എതിരാളികളെ കുറഞ്ഞ സ്കോറിൽ എറിഞ്ഞൊതുക്കിയത്. അർദ്ധസെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരൻ സായ് സുദർശനും (55*), ശ്രേയസ് അയ്യരും (52) ചേർന്ന് ഇന്ത്യയ്ക്ക് ഈസി ചേസിംഗ് വിജയം സമ്മാനിക്കുകയും ചെയ്തു. പത്തോവറിൽ 37 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗാണ് മാൻ ഒഫ് ദ മാച്ച്. മലയാളി താരം സഞ്ജു സാംസൺ പ്ളേയിംഗ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.

ഏറുകൊണ്ട് ദക്ഷിണാഫ്രിക്ക

ടോസ് നേടിയിറങ്ങിയ ആതിഥേയർക്ക് കാലുറപ്പിക്കും മുന്നേ ഇരട്ടപ്രഹരമേൽപ്പിച്ചത് അർഷ്ദീപാണ്. ഇന്നിംഗ്സിലെ രണ്ടാം ഓവറിന്റെ നാലാം പന്തിൽ റീസ ഹെൻഡ്രിക്സിനെ(0) ബൗൾഡാക്കിയാണ് അർഷ്ദീപ് തുടക്കമിട്ടത്. അടുത്ത പന്തിൽ റാസീ വാൻഡർ ഡസനെ(0) എൽ.ബിയിൽ കുരുക്കുകയും ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് മൂന്ന് റൺസ് എന്ന നിലയിലായി.

തുടർന്ന് ടോണി ഡി സോർസിയും (28) എയ്ഡൻ മാർക്രവും (12) ചേർന്ന് പതിയെ മുന്നോട്ടുനീങ്ങിയെങ്കിലും എട്ടാം ഓവറിൽ സോർസിയെ കീപ്പർ രാഹുലിന്റെ കൈയിലെത്തിച്ച് അർഷ്ദീപ് വീണ്ടും ആഞ്ഞടിച്ചു. പകരമിറങ്ങിയ ക്ളാസന്റെ (6) കുറ്റി പത്താം ഓവറിൽ അർഷ്ദീപ് തന്നെ തെറുപ്പിച്ചതോടെ ആതിഥേയർ 52/4 എന്ന സ്ഥിതിയിലായി.

പിന്നീട് ആവേശിന്റെ അവസരമായിരുന്നു. ഇതേ സ്കോറിൽ 11-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലായി എയ്ഡൻ മാർക്രമും(12) വിയാൻ മുൾഡറും (0) ഒൗട്ട്. മാർക്രം ബൗൾഡായപ്പോൾ മുൾഡർ എൽ.ബിയിൽ കുരുങ്ങി. 13-ാം ഓവറിൽ ഡേവിഡ് മില്ലറെയും (2)17-ാം ഓവറിൽ കേശവ് മഹാരാജിനെയും (4) കൂടി പുറത്താക്കി ആവേശ് ദക്ഷിണാഫ്രിക്കയെ 73/8 എന്ന നിലയിലാക്കി.

തുടർന്ന് പെഹ്‌ലുക്വായോ (33), നാൻദ്രേ ബർഗർ(7) എന്നിവർ ചേർന്ന് 101ലെത്തിച്ചു. അവിടെവച്ച് അർഷ്ദീപ് പെഹ്‌ലുക്വായോയെ എൽ.ബിയിൽ കുരുക്കി അഞ്ചുവിക്കറ്റ് തികച്ചു. 26-ാം ഓവറിന്റെ രണ്ടാം പന്തിൽ കുൽദീപ് യാദവ് ബർഗറെ ബൗൾഡാക്കി ഇന്നിംഗ്സിന് കർട്ടനിട്ടു,

ചേസിംഗിൽ സൂപ്പർ സായ്

അരങ്ങേറ്റക്കാരൻ സായ് സുദർശനും റിതുരാജ് ഗെയ്‌ക്ക്‌വാദും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് തുറക്കാനെത്തിയത്. സായ് കരിയറിലെ ആദ്യ പന്തിൽതന്നെ ബൗണ്ടറി പറത്തി. എന്നാൽ റിതുവിനെ (5) നാലാം ഓവറിൽ മുൾഡർ എൽ.ബിയിൽ കുരുക്കി മടക്കി. തുടർന്നിറങ്ങിയ ശ്രേയസ് സായ്‌യ്ക്ക് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ മുന്നോട്ടുകുതിച്ചു. രണ്ടാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്ത് വിജയത്തിനരികലെത്തിച്ച ശേഷമാണ് ശ്രേയസ് മടങ്ങിയത്. 45 പന്തുകളിൽ ആറുഫോറും ഒരു സിക്സുമാണ് ശ്രേയസ് പറത്തിയത്. സായ് 43 പന്തുകളിൽ ഒൻപത് ഫോറടക്കം 55 റൺസുമായും തിലക് വർമ്മ ഒരു റണ്ണുമായും പുറത്താകാതെ നിന്നു.