
ജൊഹാനസ്ബര്‍ഗ്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ആദ്യമായി ഏകദിന മത്സരം കളിക്കാനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ശക്തരായ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിനാണ് കെ.എല്‍ രാഹുലിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ തോല്‍പ്പിച്ചത്. അഞ്ച് വിക്കറ്റ് നേടിയ അര്‍ഷദീപ് സിംഗ്, നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ കഥകഴിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 27.3 ഓവറില്‍ 116 റണ്‍സിനാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടിയത്. പത്ത് ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷദീപ് സിംഗ് അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. എട്ട് ഓവറില്‍ 27 റണ്‍സാണ് നാല് വിക്കറ്റ് വീഴ്ത്താന്‍ ആവേശ് ഖാന്‍ വഴങ്ങിയത്. കുല്‍ദീപ് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു. അര്‍ഷദീപാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
എട്ടാമനായി ക്രീസിലെത്തി 33 റണ്‍സ് നേടിയ ആന്റീലേ ഫെക്‌ലുക്‌വായോ ആണ് ആഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇതിന് പുറമേ 28 റണ്‍സ് നേടിയ ഓപ്പണര്‍ ടോണി ഡി സോര്‍സി, 12 റണ്‍സ് നേടിയ ക്യാപ്റ്റന്‍ എയ്ഡന് മാര്‍ക്രം, 11 റണ്‍സ് നേടി പുറത്താകാതെ നിന്ന തബ്രായിസ് ഷംസി എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ ഹാഫ് സെഞ്ച്വറി നേടി പുറത്താകാതെ നിന്ന സായി സുദര്‍ശന്‍ (55*), ശ്രേയസ് അയ്യര്‍ (52) എന്നിവര്‍ ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. റുതുരാജ് ഗെയ്ക്‌വാദ് അഞ്ച് റണ്‍സ് നേടി പുറത്തായപ്പോള്‍ തിലക് വര്‍മ്മ ഒരു റണ്‍ നേടി പുറത്താകാതെ നിന്നു.