dr

ഭുവനേശ്വർ: ന്യൂറോ സർജൻ, സൈനിക ഡോക്ടർ, പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ, എൻ.ഐ.എ ഉദ്യോഗസ്ഥർ തുടങ്ങി പല രൂപത്തിലും ഭാവത്തിലും ആളുകളെ കബളിപ്പിച്ചയാൾ ഒഡീഷയിൽ അറസ്റ്റിൽ. ജമ്മു കാശ്‌മീർ കുപ്‌വാര സ്വദേശി ഇഷാൻ ബുഖാരി എന്ന സയിദ് ഇഷാൻ ബുഖാരിയാണ് (37) അറസ്റ്റിലായത്. കേരളത്തിലും ചില സംശയാസ്പദമായ ബന്ധങ്ങൾ ഇയാൾക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാനിലെ പല ആൾക്കാരുമായും ഇയാൾക്ക് പിടിപാടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാക് ചാരസംഘടനയുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമുണ്ടോ എന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യാജ രാജ്യാന്തര ബിരുദങ്ങൾ, പത്രികകൾ, ബോണ്ടുകൾ, എ.ടി.എം,​ആധാർ,​വിസിറ്റിംഗ് കാർഡുകൾ എന്നിവയും കൈവശം വച്ചിരുന്നു. നൂറിലേറെ വ്യാജ രേഖകൾ പൊലീസ് പിടിച്ചെടുത്തു.

ആൾമാറാട്ടത്തിലൂടെ രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് ഇയാൾ ആറ് വിവാഹം കഴിച്ചു. നിരവധി സ്ത്രീകളുമായി പ്രണയത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കായി കാശ്മീർ പൊലീസ് ഏറെനാളായി തെരച്ചിൽ നടത്തിവരികയായിരുന്നു.

നിലവിൽ ഭീകര ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിശദമായ അന്വേഷണം നടത്തും.