nathan-lyon
nathan lyon

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച് ഓസീസ് സ്പിന്നർ നഥാൻ ലയൺ

പാകിസ്ഥാനെ ആദ്യ ടെസ്റ്റിൽ 360 റൺസിന് തോൽപ്പിച്ച് ഓസീസ്

പെർത്ത് : ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ ബൗളറായി സ്പിന്നർ നഥാൻ ലയൺ ചരിത്രം കുറിച്ച പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ 360 റൺസിന്റെ തകർപ്പൻ വിജയം നേടി ഓസ്ട്രേലിയ. പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിൽ ഫഹീം അഷ്റഫിനെ എൽ.ബിയിൽ കുരുക്കിയാണ് ലയൺ നാഴികക്കല്ല് താണ്ടിയത്. ആമർ അജ്മലിനെക്കൂടി പുറത്താക്കിയ ലയൺ 123 ടെസ്റ്റുകളിൽ നിന്ന് 501 വിക്കറ്റുകൾ എന്ന നേട്ടത്തിലെത്തി.

പെർത്തിൽ ആദ്യ ഇന്നിംഗ്സിൽ ഡേവിഡ് വാർണറുടെ (164) സെഞ്ച്വറി മികവിൽ 487 റൺസ് നേടിയിരുന്ന ഓസീസിനെതിരെ 271 റൺസിന് പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. തുടർന്ന് 233/5 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത ശേഷം നാലാം ദിവസമായ ഇന്നലെ പാകിസ്ഥാനെ 450 റൺസ് ലക്ഷ്യം നൽകി രണ്ടാം ഇന്നിംഗ്സിനിറക്കി 89 റൺസിന് ആൾഒൗട്ടാക്കിയാണ് ഓസീസ് വൻ വിജയമാഘോഷിച്ചത്. പേസർമാരുടെ പറുദീസയായി മാറിയ പെർത്തിലെ പിച്ചിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ഹേസൽവുഡും ഒരു വിക്കറ്റ് വീഴ്ത്തിയ കമ്മിൻസും കസറിയപ്പോൾ ലയൺ രണ്ട് വിക്കറ്റുമായി ചരിത്രനേട്ടവും സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ ലയൺ മൂന്ന് വിക്കറ്റുകൾ നേടിയിരുന്നു.

ടെസ്റ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന എട്ടാമത്തെ ബൗളറും മൂന്നാമത്തെ സ്പിന്നറുമാണ് നഥാൻ ലയൺ.

ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ ബൗളർ. ഷേൻ വാൺ, മക്ഗ്രാത്ത് എന്നിവരാണ് മുൻഗാമികൾ.

നിലവിൽ കളിക്കുന്നവരിൽ ആൻഡേഴ്ണിനും ലയണിനും മാത്രമാണ് 500 വിക്കറ്റിലേറെയുള്ളത്.

500 വിക്കറ്റ് ക്ളബ്

മുത്തയ്യ മുരളീധരൻ - 800

ഷേൻ വാൺ -708

ആൻഡേഴ്സൺ - 690

അനിൽ കുംബ്ളെ - 619

സ്റ്റുവർട്ട് ബ്രോഡ് - 604

ഗ്ളെൻ മക്ഗ്രാത്ത് -563

കോട്നി വാൽഷ് - 519

നഥാൻ ലയൺ -501