
അഹമ്മദാബാദ്: ഭാര്യയില്‍ നിന്ന് ദാമ്പത്യ അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവാവ് കോടതിയില്‍. മാസത്തില്‍ വെറും രണ്ട് തവണ മാത്രമാണ് തന്റെ വീട്ടില്‍ വരുന്നതെന്നും ബാക്കി ദിവസങ്ങളില്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് ഭാര്യ കഴിയുന്നതെന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.
ഭാര്യയോട് എല്ലാ ദിവസവും തനിക്കൊപ്പം ജീവിക്കാന്‍ നിര്‍ദേശിക്കണമെന്നും സൂറത്തിലെ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ യുവാവ് ആവശ്യപ്പെട്ടു.
കുട്ടി ജനിച്ചതിനു ശേഷം എല്ലാമാസവും രണ്ടു വാരാന്ത്യങ്ങളില്‍ മാത്രമാണ് യുവതി ഭര്‍തൃവീട്ടിലെത്തുന്നത്. മറ്റു ദിവസങ്ങളില്‍ ജോലിക്കു പോകാന്‍ കൂടുതല്‍ സൗകര്യം സ്വന്തം വീട്ടില്‍നിന്നാണെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.
തന്റെ ദാമ്പത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം കുട്ടിയുടെ ആരോഗ്യ കാര്യങ്ങളും ശ്രദ്ധിക്കാതെയാണ് ഭാര്യ ജോലിക്കുപോകുന്നതെന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. ഹിന്ദു വിവാഹ നിയമത്തിലെ ഒമ്പതാം വകുപ്പു പ്രകാരം ദാമ്പത്യാവകാശങ്ങള്‍ പുനസ്ഥാപിച്ചു നല്‍കണമെന്നും യുവാവ് ആവശ്യപ്പെടുന്നു.
യുവതിയോട് ഭര്‍ത്താവിന് ഒപ്പം പോകണമെന്ന് കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല വിധിയും ഉണ്ടായി. എന്നാല്‍ വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ യുവതി അപ്പീല്‍ നല്‍കി. ദാമ്പത്യ ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് മാസത്തില്‍ രണ്ട് തവണ താന്‍ ഭര്‍ത്താവിനെ കാണാന്‍ പോകുന്നതെന്നാണ് യുവതിയുടെ പക്ഷം. കേസ് പരിഗണിക്കുന്നത് അടുത്ത മാസം 25ന് ഹൈക്കോടതി പരിഗണിക്കും.