ടെൽ അവീവ്: വിദേശ മന്ത്രാലയ ജീവനക്കാരൻ ഗാസയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെതിരെ സ്വരം കടുപ്പിച്ച് ഫ്രാൻസ്. ഇസ്രയേൽ ഉടൻ വിശദീകരണം നൽകണമെന്നും ഗാസയിൽ അടിയന്തരമായി വെടിനിറുത്തൽ നടപ്പാക്കണമെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണ ആവശ്യപ്പെട്ടു. ഇന്നലെ ടെൽ അവീവിൽ എത്തിയ കൊളോണ ഇസ്രയേൽ വിദേശകാര്യമന്ത്രി ഏലി കോഹനുമായുള്ള കൂടിക്കാഴ്ചയിലാണ് വെടിനിറുത്തൽ ആവശ്യപ്പെട്ടത്. നിരവധി സിവിലിയന്മാർ കൊല്ലപ്പെടുന്നതും അവർ ചൂണ്ടിക്കാട്ടി. എന്നാൽ വെടിനിറുത്തൽ സാദ്ധ്യമല്ലെന്ന ഇസ്രയേൽ നിലപാട് കോഹൻ ആവർത്തിച്ചു.
ബുധനാഴ്ച റാഫയിലെ ഇസ്രയേൽ ബോംബാക്രമണത്തിലാണ് ഫ്രഞ്ച് കോൺസുലേറ്റ് അംഗത്തിന്റെ വീട് തകരുകയും അവിടെയുണ്ടായിരുന്ന വിദേശ മന്ത്രാലയ ജീവനക്കാരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്‌തത്. നിരവധി പാലസ്തീനികളും മരിച്ചു.
ഗാസയിൽ ശാശ്വത വെടിനിറുത്തൽ വേണമെന്ന് യു.കെയും ജർമ്മനിയും ഇന്നലെ സംയുക്തമായി ആവശ്യപ്പെടുകയും ചെയ്‌തു.
അതിനിടെ, വടക്കൻ ഗാസയിലെ ജബാലിയയിൽ വ്യോമാക്രമണത്തിൽ 24 പേരും ദെയ്ർ അൽ - ബലാഹിൽ 12 പേരും കൊല്ലപ്പെട്ടു. 18,800 ലേറെ പേർക്കാണ് ഗാസയിൽ ഇതുവരെ ജീവൻ നഷ്ടമായത്.
അതേസമയം, ഗാസയിലെ ബന്ദികളുടെ മോചനത്തിന് ചർച്ചകൾ ആരംഭിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചിപ്പിച്ചു. അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുമ്പോഴും വിജയം കാണും വരെ ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് നെതന്യാഹു ആവർത്തിച്ചു.
ആക്രമണം തുടങ്ങിയ ശേഷം ആദ്യമായി ഇസ്രയേലിൽ നിന്ന് യു.എൻ സഹായ ട്രക്കുകൾ ഇന്നലെ ഗാസയിലേക്ക് കടത്തിവിട്ടു. ഇതിനായി തെക്കൻ ഗാസയ്ക്കും ഇസ്രയേലിനും ഇടയിലെ കരീം ഷാലോം അതിർത്തി കവാടം താത്കാലികമായി തുറന്നു. ഈജിപ്ഷ്യൻ അതിർത്തിയിലെ റാഫ വഴിയാണ് നിലവിൽ സഹായ ട്രക്കുകൾ ഗാസയിലെത്തിയിരുന്നത്.