d

കോഴിക്കോട് : ,​തനിക്കെതിരെ സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകൾ പൊലീസിനെക്കൊണ്ട് നീക്കം ചെയ്യിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബാനറുകൾ നീക്കം ചെയ്യാൻ രാവിലെ തന്നെ നിർദ്ദേശം നൽകിയിട്ടും നടപടിയെടുക്കാത്തതിനെതിരെ ഗവർണർ പരസ്യമായി രംഗത്തെത്തിയിരുന്നു,​ വൈകിട്ട് 6.45ഓടെ അപ്രതീക്ഷിതമായി കാമ്പസിലൂടെ സഞ്ചരിച്ച ഗവർണർ ഇപ്പോൾ തന്നെ ബാനറുകൾ നീക്കം ചെയ്യാൻ പൊലീസിനോട് രോഷത്തോടെ പറയുകയായിരുന്നു.

ഷെയിംലസ് പീപ്പിൾ എന്ന് പൊലീസുകാരെ അധിക്ഷേപിച്ചു കൊണ്ടാണ് ഗവർണർ സംസാരിച്ചത്. മലപ്പുറം എസ്.പി ഉൾപ്പെടെയുള്ളവരോടാണ് കടുത്തഭാഷയിൽ ഗവർണർ കയർത്തത്. ഇതിന് പിന്നാലെ എസ്.പിയും മറ്റു പൊലീസുകാരും ചേർന്നാണ് ബാനറുകൾ നീക്കം ചെയ്തത്. സർവകലാശാല കാമ്പസിന് മൂന്നിൽ കൂടുതൽ പൊലീസുകാരെയും നിയോഗിച്ചു.

ബാനറുകൾ നീക്കം ചെയ്തതിന് ശേഷം പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവർത്തകർ രംഗത്തെതി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർ‌ഷോയുടെ നേതൃത്വത്തിലായിരുന്നു എസ്.എഫ്.ഐ പ്രതിഷേധവുമായി എത്തിയത്. എസ്.എഫ്.ഐ പ്രവ‌ർത്തകർ പൊലീസ് ബാരിക്കേഡിന് മുന്നിൽ വീണ്ടും ബാനർ ഉയർത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാളെ ഗവർണർ പങ്കെടുക്കുന്ന ചടങ്ങിന്റെ ബാനർ എസ്.എഫ്.ഐ പ്രവർത്തകർ കത്തിച്ചു.

അതേസമയം ബാനറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയാനാണെന്ന് ആരോപിച്ച് രാജ്ഭവൻ വാർത്താക്കുറിപ്പിറക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ എസ്.എഫ്.ഐ ബാനർ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകരുന്നതിന്റെ തുടക്കമെന്നും ഭരണഘടന സംവിദാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുകയാണെന്നും ഗവർണർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.