
മാഞ്ചസ്റ്റർ സിറ്റിയെ 2-2ന് സമനിലയിൽ തളച്ച് ക്രിസ്റ്റൽ പാലസ്
മാഞ്ചസ്റ്റർ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ശനിദശ തുടരുന്നു. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 2-2ന് സിറ്റിയെ സമനിലയിൽ തളച്ചു. 54 മിനിട്ടുവരെ 2-0ത്തിന് മുന്നിട്ടുനിന്ന ശേഷമാണ് സിറ്റിക്ക് സമനില വഴങ്ങേണ്ടിവന്നത്. 24- ാം മിനിട്ടിൽ ജാക്ക് ഗ്രീലിഷും 54-ാം മിനിട്ടിൽ റിക്കോ ലെവിസും നേടിയ ഗോളുകളാണ് സിറ്റിയെ മുന്നിലെത്തിച്ചിരുന്നത്. എന്നാൽ 76-ാം മിനിട്ടിൽ ജീൻ ഫിലിപ്പ് മറ്റേറ്റ ക്രിസ്റ്റൽ പാലസിന്റെ ആദ്യ ഗോൾ നേടി. ഇൻജുറി ടൈമിൽ പാലസിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് കളിയുടെ വിധിയെഴുതിയത്. മറ്റേറ്റയെ ഫൗൾ ചെയ്തതിന് ലഭിച്ച കിക്കെടുത്ത ഒലിസാണ് സമനില നേടിയെടുത്തത്.
ഈ സീസണിലെ 17 മത്സരങ്ങളിൽ സിറ്റിയുടെ മൂന്നാം സമനിലയാണിത്. 34 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് സിറ്റി.16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെൽസി 2-0ത്തിന് ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ചു.