
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹിന്റെ ( 86 ) മൃതദേഹം സംസ്കരിച്ചു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 9ന് ബിലാൽ ബിൻ റാബാഹ് പള്ളിയിലെ പ്രാർത്ഥനയ്‌ക്ക് ശേഷം സുലൈബിഖാത്ത് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിൽ കുടുംബാംഗങ്ങളും കുവൈറ്റ് പാർലമെന്റ് സ്പീക്കറും പങ്കെടുത്തു.
അതേ സമയം, ഷെയ്ഖ് നവാഫിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വിവിധ ലോകനേതാക്കൾ അടക്കം ഇന്നും നാളെയുമായി ബയാൻ കൊട്ടാരത്തിലെത്തും. പുതിയ അമീറും നവാഫിന്റെ അർദ്ധ സഹോദരനുമായ ഷെയ്ഖ് മിഷാൽ അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹുമായി ( 83 ) നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ - താനി ഇന്നലെ ഉച്ചയോടെ കുവൈറ്റിലെത്തി.
കുവൈറ്റിലെ 16ാമത്തെ അമീറായ ഷെയ്ഖ് നവാഫ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണവും മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു.