ipl

ചെന്നൈ: നായക സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ്മയെ നീക്കി ഹാര്‍ദിക് പാണ്ഡ്യയെ മുംബയ് ഇന്ത്യന്‍സ് നിയമിച്ചത് മുതല്‍ അഭ്യൂഹങ്ങളുടെ പരമ്പരയാണ്. ഇന്ത്യന്‍ നായകന്റെ ഐപിഎല്‍ഭാവിയെ ചൊല്ലി സമൂഹമാദ്ധ്യമങ്ങളില്‍ വിവിധ വാദങ്ങളും ഉയരുന്നു. ഹിറ്റ്മാന്‍ 2024 സീസണോടുകൂടി ക്ലബ്ബ് വിടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ട് ഇപ്പോഴിതാ രോഹിത്തിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ് മുംബയുടെ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

ഹാര്‍ദിക് ടീമിലെത്തിയാല്‍ നായകസ്ഥാനം നഷ്ടമാകുമെന്ന് രോഹിത്തിനോട് നേരത്തെ തന്നെ മുംബയ് സൂചിപ്പിച്ചിരുന്നു. നായക പദവി തനിക്ക് വേണം എന്ന ഉപാധിയാണ് പാണ്ഡ്യ തിരിച്ചുവരാന്‍ മുംബയ്ക്ക് മുന്നില്‍ വച്ചത്. ഇത് ഇപ്പോള്‍ അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു കിരീടമില്ലാതെ വലഞ്ഞിരുന്ന മുംബയെ 10 സീസണില്‍ നയിച്ച് അഞ്ച് തവണ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിനോട് മുംബയ് കാണിച്ചത് കടുത്ത അവഗണനയാണെന്നാണ് ഹിറ്റ്മാന്‍ ആരാധകരും പറയുന്നത്.

ടീമിനെ തള്ളിപ്പറഞ്ഞ ഹാര്‍ദിക്കിനെ നായകനാക്കുമ്പോള്‍ മുംബയ് മാനേജ്‌മെന്റ് ചെയ്യുന്നത് ഇന്ന് കാണുന്ന അഞ്ച് കിരീടങ്ങള്‍ ഷെല്‍ഫിലെത്തിച്ച നായകനോടുള്ള നന്ദികേടാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. മുംബയ് ജേഴ്‌സിയും പതാകയും കൂട്ടത്തോടെ കത്തിച്ചും ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. അതുകൊണ്ട് തന്നെ പാണ്ഡ്യക്ക് കീഴില്‍ കളിക്കാതെ ക്ലബ്ബ് വിടണമെന്നും മാനേജ്‌മെന്റ് കാണിച്ച നന്ദികേടിനോട് രോഹിത് പ്രതികരിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത് ക്ലബ്ബ് മാറ്റമെന്ന അഭ്യൂഹത്തിന് ശക്തി പകരുന്നുണ്ട്. 19ന് ഐപിഎല്‍ താരലേലം കഴിഞ്ഞാല്‍ വീണ്ടും ട്രേഡിംഗ് വിന്‍ഡോ ഓപ്പണാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ രോഹിത്തിനെ വാങ്ങാനുള്ള പണം സിഎസ്‌കെയുടെ പഴ്‌സിലുണ്ട്. മാത്രമല്ല 42 കാരനായ ധോണിക്ക് ശേഷം ഒരു നായകനെ കണ്ടെത്താന്‍ സിഎസ്‌കെയ്ക്കും കഴിഞ്ഞിട്ടില്ല. ഇടക്ക് ജഡേജയെ ആ സ്ഥാനത്ത് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പരീക്ഷണം വിജയിച്ചില്ല.

instagram

രോഹിത് ശര്‍മ്മയ്ക്ക് 36ാണ് പ്രായം. കുറഞ്ഞത് മൂന്ന് സീസണ്‍ എങ്കിലും ഐപിഎല്ലില്‍ താരം തുടര്‍ന്നും കളിക്കാന്‍ തന്നെയാണ് സാദ്ധ്യത.അതുകൊണ്ട് തന്നെ ധോണിക്ക് ഒപ്പം രോഹിത്തിനെ കൂടി ടീമില്‍ എത്തിച്ച് അടുത്ത രണ്ടോ മൂന്നോ സീസണിന് ശേഷം ഒരു പുതിയ നായകനെ വളര്‍ത്തിയെടുക്കാം എന്ന സാദ്ധ്യത ചെന്നൈ പരീക്ഷിച്ചേക്കാം. 2013ല്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗിന് കീഴില്‍ ആദ്യ ഘട്ടത്തില്‍ മുംബയ് ഇന്ത്യന്‍സ് മോശം പ്രകടനം തുടര്‍ന്നപ്പോഴാണ് സീസണിനിടയില്‍വെച്ച് രോഹിത് നായകനായി ചുമതലയേല്‍ക്കുകയും കിരീടം നേടുകയും ചെയ്തു.

View this post on Instagram

A post shared by Chennai Super Kings (@chennaiipl)

മുംബൈ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ നീക്കിയതിന് പിന്നാലെ രോഹിത്തിനോടുള്ള ബഹുമാനം സൂചിപ്പിക്കുന്ന പോസ്റ്റും സിഎസ്‌കെ ഷെയര്‍ ചെയ്തിരുന്നു. മറ്റ് ടീമുകളെ വിറപ്പിച്ച് നിര്‍ത്തുന്ന ചെന്നൈക്ക് ഐപിഎല്ലില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത ഒരേയൊരു ടീം രോഹിത് ശര്‍മ്മ നായകനായിരുന്ന മുംബയ് ആണ്. ധോണിയും രോഹിത്തും ഒരുമിച്ചുള്ള ചിത്രങ്ങളും പോസ്റ്റില്‍ സിഎസ്‌കെ ഉള്‍പ്പെടുത്തി. ഈ പോസ്റ്റില്‍ രോഹിത്തിന്റെ ഭാര്യ റിതിക മഞ്ഞ നിറത്തിലുള്ള ലൗ സ്‌മൈലി കമന്റ് ചെയ്തിരുന്നു.