
കൊച്ചി: രാജ്യത്ത് ജനങ്ങൾക്ക് ആശ്വാസമായി പെട്രോൾ, ഡീസൽ വില വെട്ടിക്കുറയ്ക്കാനുള്ള ആലോചനയുമായി പൊതുമേഖലാ എണ്ണകമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ഇന്ധനവില കുറയ്ക്കാൻ ആലോചിക്കുന്നത്. വെള്ളിയാഴ്ച അമേരിക്കയിലെ നൈമക്സ് വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിന് താഴെയെത്തി. പശ്ചിമേഷ്യയിൽ ബാരലിന് 72 ഡോളറിനാണ് വ്യാപാരം നടത്തുന്നത്.
ക്രൂഡ് വില കുറഞ്ഞതോടെ പെട്രോൾ, ഡീസൽ എന്നിവയുടെ ഉത്പാദന ചെലവിൽ ഗണ്യമായ കുറവുണ്ടായെന്നാണ് റിപ്പോർട്ട് . അതേസമയം കഴിഞ്ഞ ഒന്നര വർഷമായി ക്രൂഡ് വില എൺപത് ഡോളറിന് മുകളിലായിരുന്നതിനാൽ നേരിട്ട അധിക ബാധ്യത നികത്താനുള്ള അവസരമായാണ് ഇപ്പോഴത്തെ സാഹചര്യത്തെ വിലയിരുത്തുന്നത്. മുൻകാല നഷ്ടം നികത്തുന്നതു വരെ വിലയിൽ മാറ്റം വരുത്തേണ്ടയെന്ന അഭിപ്രായവും ശക്തമാണ്.
എന്നാൽ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറച്ചാൽ രാഷ്ട്രീയ നേട്ടമാകുമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇതു സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ നടക്കുന്നുവെന്നും എണ്ണ കമ്പനികളോട് അടുത്ത വൃത്തങ്ങൾ പറയുന്നു. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ ക്രൂഡ് വില കുത്തനെ കൂടിയിട്ടും ഒന്നര വർഷമായി പെട്രോൾ, ഡീസൽ എന്നിവയുടെ ആഭ്യന്തര വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇത് മൂലം കമ്പനികൾ ഭീമമായ വില്പന നഷ്ടമാണ് നേരിട്ടത്.
അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ പൊതുമേഖലാ എണ്ണ കമ്പനികളുടെ ലാഭം കൂടുന്നു. ഉത്പാദന ചെലവിലുണ്ടായ കുറവിന് ആനുപാതികമായി ലിറ്ററിന് പത്ത് രൂപയിലധികം ലാഭത്തിലാണ് കമ്പനികൾ പെട്രോൾ വില്ക്കുന്നത്. ഡീസലിന് ലാഭം ലിറ്ററിന് അഞ്ച് രൂപ വരെയായി ഉയർന്നു. കഴിഞ്ഞ വർഷം പെട്രോളിന് 17 രൂപയും ഡീസലിന് 22 രൂപയും വില്പന നഷ്ടമാണ് കമ്പനികൾ നേരിട്ടിരുന്നത്. തിരുവനന്തപുരത്ത് 109. 42 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. കൊച്ചിയിൽ 107. 83 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസലിന് തിരുവനന്തപുരത്ത് 98.24 രൂപയും കൊച്ചിയിൽ 9674 രൂപയുമാണൺ്. .