rahul-mamkootathil

പ്രതിഷേധക്കാർക്കെതിരെ ഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് ഉദ്യോഗസ്ഥനായ എം എസ് ഗോപി കൃഷ്ണനാണ് ഫേസ്‌ബുക്കിൽ കമന്റിട്ടത്. 'കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്‌ക്കലിൽവച്ച്. എല്ലാ മറുപടിയും അന്ന് തരാം' എന്നായിരുന്നു ഗോപി കൃഷ്ണന്റെ കമന്റ്. ഇതിൽ പ്രതികരിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അതെന്താ ഗോപികൃഷ്ണാ പ്രതികരിച്ചിട്ട്, പ്രതികരണവും ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് വെച്ചിരിക്കുന്നത്?

ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാൻ പ്രതികരിച്ച നിന്റെ പ്രതികരണം തന്നെ 'അകാലത്തിൽ പൊലിഞ്ഞോ?'

കടയ്ക്കൽ വരുമ്പോൾ സമരം ചെയ്താൽ നീ എന്തു ചെയ്യുമെന്നാണ്?

മുഖ്യഗുണ്ടയുടെ ഗുണ്ടാ സംഘത്തിൽ ഇനിയുമുണ്ടോ ഇത്തരം ശൂര പരാക്രമികൾ!

കുമ്മിൾ ഷമീർ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയായിരുന്നു കടയ്‌ക്കൽ സ്വദേശി കൂടിയായ ഗോപി കൃഷ്ണന്റെ വെല്ലുവിളി. സംഭവം വിവാദമായതോടെ ഗോപി കൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു. നവകേരള സദസുമായി ബന്ധപ്പെട്ട് പൗരപ്രമുഖർ നടത്തുന്ന കൂടിക്കാഴ്‌ച സംബന്ധിച്ചതായിരുന്നു കുമ്മിൾ ഷമീറിന്റെ പോസ്റ്റ്. ഇതിന്റെ കമന്റെന്നോണമായിരുന്നു പൊലീസുകാരന്റെ വെല്ലുവിളി. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും നവകേരള യാത്രയിൽ ഗോപി കൃഷ്ണനെ ഉൾപ്പെടുത്തിയിട്ടില്ല.