pic

വാഷിംഗ്‌ടൺ: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടന്ന സംഭവത്തിൽ ഇന്ത്യ സജീവമായി അന്വേഷിക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വംശജരായ അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രതിനിധി സഭാംഗങ്ങളായ അമി ബേര,​ പ്രമീള ജയപാൽ,​ റോ ഖന്ന,​ രാജാ കൃഷ്ണമൂർത്തി,​ ശ്രീ തനേദാർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് രംഗത്തെത്തിയത്. ഇന്ത്യൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അമേരിക്കയുമായുള്ള ബന്ധം വഷളാകും. അമേരിക്കൻ മണ്ണിൽ ഇത്തരം സംഭവങ്ങൾ ഇന്ത്യ ആവർത്തിക്കരുതെന്നും ഇവർ പറയുന്നു.

നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിനെ വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകർത്തെന്നാണ് യു.എസ് വാദം. ഗൂഢാലോചനയിൽ പങ്കാളിയായ നിഖിൽ ഗുപ്ത എന്ന ഇന്ത്യൻ പൗരനെ യു.എസിന്റെ ആവശ്യപ്രകാരം ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

ആരോപണങ്ങൾ അന്വേഷിക്കാൻ ഇന്ത്യ നേരത്തേ ഉന്നത തല സമിതിയെ നിയോഗിച്ചിരുന്നു. സമിതിയെ കോൺഗ്രസ് അംഗങ്ങൾ സ്വാഗതം ചെയ്തു.

ഇന്ത്യക്കെതിരെ നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന പന്നൂൻ അടുത്തിടെ പാർലമെന്റ് തകർക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

അതിനിടെ, ' പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ ' പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസിലെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കമ്മിഷൻ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വിദേശത്തുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നെന്ന ആരോപണം ഉയർത്തിയാണ് പ്രതികരണം.