d

കണ്ണൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂരിനെക്കുറിച്ച് അവസരവാദിയായ ആരിഫ് മുഹമ്മദ് ഖാന് എന്തറിയാം. വിവരദോഷത്തിന് അതിര് വേണം. ഈ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് ഞാൻ ഇത്രയേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

വിദ്യാർ‌ത്ഥികൾക്ക് നേരെ ബോധപൂർവം പ്രകോപനമുണ്ടാക്കുകയാണ് ഗവർണർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും കേന്ദ്രം ഇടപെടണം. ഇങ്ങനെ നിലതെറ്റിയ രീതിയിൽ കയറൂരി വിടരുത്. ഒതുക്കത്തിൽ നിറുത്തുന്നതാണ് നല്ലതെന്നും പിണറായി പറഞ്ഞു.

അവസരവാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം. മരിച്ചുവീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി. എന്തും വിളിച്ചുപറഞ്ഞ് നാടിനെ അപമാനിക്കാം എന്ന് കരുതേണ്ട. നായനാരെയും കെ.കരുണാകരന്റെയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ കരുതുന്നത്. വിവരദോഷത്തിന് അതിര് വേണമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

നേരത്തെ കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ ബാന‍ർ ഉയർത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ബാനറുകൾ നീക്കാൻ പൊലീസിന് നിർദ്ദേശം നൽകിയ ഗവർണർ പൊലീസ് ഉദ്യോഗസ്ഥരോട് കയർക്കുകയുപംം ചെയ്തു. ഗവർണർക്കെതിരെയുള്ള ബാനർ പൊലീസ് അഴിപ്പിച്ചതിന് പിന്നാലെ വീണ്ടും എസ്.എഫ്.ഐ ബാനർ ഉയർത്തി പ്രതിഷേധിച്ചിരുന്നു.