protest

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവർത്തകരും പൊലീസും കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ ബഹുജന പൊലീസ് സ്റ്റേഷൻ മാർച്ച്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും ഈ മാസം 20ന് രാവിലെ 11 മണിക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷകസംഘടനകള്‍ എന്നിവയുടെ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർച്ചിൽ പൊതുജനങ്ങളും പങ്കെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഇന്ന് പത്തനംതിട്ട റാന്നിയിൽ സംഘർഷമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങിനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം നവകേരള സദസ് കഴിഞ്ഞശേഷം മന്ത്രിമാർ താമസസ്ഥലത്ത് ബസിൽ മടങ്ങവേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹരിപ്പാടുവച്ച് കരിങ്കൊടി കാണിച്ചിരുന്നു. നവകേരള ബസിന് നേരെ കരിങ്കൊടി വീശിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കായംകുളത്തുവച്ച് നിലത്തിട്ട് ചവിട്ടിയതിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.