saudi

റിയാദ്: ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് സൗദി പൗരന്റെ 27 കോടി രൂപ തട്ടിയെടുത്ത ശേഷം നാട്ടിലേക്ക് മുങ്ങി മലപ്പുറം സ്വദേശി. പണം തിരികെ ചോദിക്കുമ്പോള്‍ നാട്ടിലെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും സൗദി പൗരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മലപ്പുറം പള്ളിക്കല്‍ സ്വദേശി പുതിയകത്ത് ഷമീല്‍ (53) എന്നയാള്‍ക്കെതിരെയാണ് സൗദി അറേബ്യ സ്വദേശിയായ ഇബ്രാഹിം മുഹമ്മദ് മുഹൈസ അല്‍ ഉതൈബി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഷമീലിന് ബാങ്കിലുണ്ടായിരുന്ന ബാധ്യത തീര്‍ക്കാന്‍ വേണ്ടി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നല്‍കി ബാക്കി തുകയും ഇബ്രാഹീം മുഹമ്മദിന് നഷ്ടമായി. തനിക്ക് ലഭിച്ച നിക്ഷേപക ലൈസന്‍സ് ഉപയോഗപ്പെടുത്തി വിവിധ ബിസിനസ് അവസരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഷമീല്‍ മലയാളികളില്‍ നിന്നും സൗദി സ്വദേശികളില്‍ നിന്നും പണം തട്ടിയിരുന്നു.


ബിസിനസ് ആവശ്യത്തിലേക്ക് സൗദിയിലെ ഒറാക്സ് ഫിനാന്‍സ് കമ്പനിയില്‍നിന്ന് ഷമീല്‍ വായ്പയും എടുത്തു. ഈ വായ്പ കൃത്യസമയത്ത് അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഫിനാന്‍സ് കമ്പനി ഷമീലിനെതിരെ കേസ് നല്‍കുകയും അദ്ദേഹത്തിന് യാത്രാവിലക്ക് നേരിടേണ്ടി വരികയും ചെയ്തു. ബാധ്യതകള്‍ തീര്‍ത്ത് യാത്രാ വിലക്ക് ഒഴിവാക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥ്‌ന അനുസരിച്ചാണ് ഷമീലിനെ സൗദി പൗരന്‍ സഹായിച്ചത്.

നാട്ടിലെത്തിയാല്‍ തന്റെ സ്വത്ത് വിറ്റ് പണം മുഴുവനും തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷമീലിന്റെ വാക്ക് വിശ്വസിച്ച് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നല്‍കി ഫിനാന്‍സ് കമ്പനിയില്‍ നിന്നുള്ള 53,43,400 റിയാല്‍ ബാധ്യത ഇബ്രാഹീം അല്‍ ഉതൈബി ഏറ്റെടുത്തു. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ഷമീല്‍ പിന്നീട് തിരികെ വന്നില്ല. വായ്പ മുടങ്ങിയതോടെ കോടതി ഇടപെട്ട് തന്റെ ഭൂമി ലേലത്തില്‍ വെക്കുകയും ചെയ്തു.

സൗദി പൗരന്‍മാരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ഷമീല്‍ സൗദിയില്‍ എത്തിയതെന്നും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഓഫീസിലടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹീം മുഹമ്മദ് മുഹൈസ പറഞ്ഞു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കി. തനിക്ക് നഷ്ടമായ സ്വത്തിനും പണത്തിനും പരിഹാരം കാണാന്‍ സൗദിയിലെ ഇന്ത്യന്‍ ഉദ്യോഗസ്ത്ഥര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.