
കോഴിക്കോട്: ഗവര്‍ണര്‍ എസ്എഫ്‌ഐ പോരില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സര്‍വകലാശാലകളുടെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് ചില അധികാരങ്ങളും അവകാശങ്ങളുമുണ്ട്. നിയമം അനുശാസിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ക്ക് അത് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നാണ് ശശി തരൂരിന്റെ പക്ഷം. തര്‍ക്കമുള്ള വിഷയങ്ങളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബ്ലഡി ക്രിമിനല്‍സ് എന്ന് ഗവര്‍ണര്‍ വിളിച്ചത് അദ്ദേഹത്തിന് അങ്ങനെ തോന്നിയതിനാലാകാമെന്നും തരൂര്‍ പറഞ്ഞു.അത് ഗവര്‍ണറും സമരക്കാരും തമ്മിലുള്ള പ്രശ്‌നമാണ്. പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിച്ചുവെന്ന് ആരോപണം വന്നാല്‍ രണ്ട് ഭാഗത്തേയും പരിഗണിച്ച് വേണം പൊലീസ് നടപടി. അല്ലാതെ പക്ഷം പിടിക്കുന്നത് ശരിയല്ല, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയല്ല പൊലീസിന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിനെതിരാണോ?,അവര്‍ കല്ലെറിഞ്ഞോ?.കരിങ്കൊടി കാണിക്കുന്നത് അടിച്ചമര്‍ത്താന്‍ പൊലീസിന് എന്താണ് അവകാശമുള്ളതെന്നും ശശി തരൂര്‍ ചോദിച്ചു. അതിനിടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഗവര്‍ണര്‍ എസ്എഫ്‌ഐ പോര് കടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ അഴിപ്പിച്ച ബാനര്‍ വീണ്ടും എസ്എഫ്‌ഐ കെട്ടിയതോടെ പൊലീസ് പ്രതിസന്ധിയിലാകുകയും ചെയ്തു.
ചാന്‍സലര്‍ ഗോ ബാക്ക് ബാനറുകളും തനിക്കെതിരെയുള്ള പ്രതിഷേധ ബാനറുകളും ഗവര്‍ണര്‍ പൊലീസിനെ കൊണ്ട് അഴിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്ത് ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കുമോയെന്ന് ജില്ലാ പൊലീസ് മേധാവിയോട് ഗവര്‍ണര്‍ രൂക്ഷമായ ഭാഷയില്‍ ചോദിച്ചിരുന്നു. സര്‍ക്കാരുമായുള്ള പോര് കടുപ്പിക്കുകയാണ് ഗവര്‍ണര്‍. വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമുള്‍പ്പെടുന്ന സര്‍ക്കാര്‍ വിഭാഗവും.