d

ലോകാവസാനത്തെ ചെറുക്കുന്നതിനുള്ള ഡൂംസ് ഡേ ബങ്കറുകൾ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് ലോകത്തെ ശതകോടീശ്വരൻമാർ. ബിൽഗേറ്റ്സ് ഉൾപ്പെടെയുള്ളവർ ഇത്തപം ബങ്കറുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അത്യാധുനിക സുരക്ഷ ഒരുക്കുന്ന ബങ്കറുകൾ ലോകാവസാനത്തിൽ നിന്ന് സംരക്ഷണം നൽകുമെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ.

എന്നാൽ അതിസമ്പന്നർക്കു മാത്രമല്ല മറ്റുള്ളവർക്കും ഡൂംസ് ഡേ ബങ്കറുകൾ പ്രാപ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു അമേരിക്കൻ കമ്പനി. സൗത്ത് ഡെക്കോട്ടയിലെ ബ്ലാക്ക് ഹിൽസ് പർവത നിരയുടെ താഴ്‌വരയിലെ മുൻ സൈനിക താവളം കേന്ദ്രമാക്കിയാണ് ബങ്കറുകൾ ഒരുങ്ങുന്നത്. വിവോസ് എന്ന റിയൽ എസ്റ്റേറ്റ് ഏജൻസിയാണ് 575 ബങ്കറുകൾ നി‌ർമ്മിക്കുനത്. ഒന്നിന് 55000 ഡോളറാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഉന്നത ശ്രേണിയിലുള്ളവരെയല്ല,​ മറിച്ച് നല്ല വിദ്യാസമ്പന്നരും, നിലവിലെ ആഗോള സംഭവങ്ങളെക്കുറിച്ച് നല്ല അവബോധവും ഉത്തരവാദിത്തബോധവുമുള്ള ശരാശരി ആളുകളാണ്. അവർ ലോകാവസാനമുണ്ടാകുന്ന കാലത്ത് തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരാണ്. വിവോസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡാന്റെ വിസിനോയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കമ്പനി അവകാശപ്പെടുന്നതനുസരിച്ച് 575 ബങ്കറുകളിലായി 10000 പേരെ ഉൾക്കൊള്ളാൻ കഴിയും. ബങ്കറുകളിൽ നിന്ന് ഭൗമോപരിതലത്തിലേക്ക് മടങ്ങാതെ ഒരു വർഷം വരെ ഇവിടെ സുരക്ഷിതമായി കഴിയാനാകും. ഏറ്റവും ചെറിയ ബങ്കറിൽ നാല് ഇരട്ട മുറികളും ഒരു ഡബിൾ ബെഡ്‌റൂമും ഒരു കുളിമുറിയും ഉൾപ്പെടുന്നു. ഏറ്റവും വലിയ ബങ്കറിൽ എട്ട് ഒറ്റ കിടപ്പുമുറികളും മൂന്ന് കുളിമുറികളും ഉണ്ട്. ഡൂംസ്‌ഡേ ബങ്കർ ആക്കുന്നതിന് മുൻപ് 1942 നും 1967 നും ഇടയിൽ ബോംബുകളും യുദ്ധോപകരണങ്ങളും സൂക്ഷിക്കാനാണ് ഇവിടം ഉപയോഗിച്ചിരുന്നത്. ജർമ്മനിയിൽ മറ്റൊരു ഡൂംസ്‌ഡേ ബങ്കർ കമ്മ്യൂണിറ്റി നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ചിക്കാഗോ ആസ്ഥാനമായുള്ള ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റാണ് 'ഡൂംസ്‌ഡേ ക്ലോക്ക്' സൃഷ്ടിച്ചത്. ലോകാവസാനത്തോട് മനുഷ്യൻ എത്രമാത്രം അടുത്തെത്തിയെന്ന് ഇത് വ്യക്തമാക്കുന്നു

ഈ വർഷമാദ്യം ജനുവരിയിൽ, 'ഡൂംസ്‌ഡേ ക്ലോക്ക്' അർദ്ധരാത്രിയിൽ നിന്ന് 90 സെക്കൻഡ് മാത്രം അകലെയായി സജ്ജീകരിച്ചിരുന്നു.