pic

കേപ് ടൗൺ : കിഴക്ക്, തെക്കൻ ആഫ്രിക്കയിലെ അഞ്ച് രാജ്യങ്ങളിൽ ആന്ത്രാക്സ് രോഗം പടരുന്നു. ഈ വർഷം 1,100ലേറെ കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ ( ഡബ്ല്യു.എച്ച്.ഒ ) റിപ്പോർട്ടിൽ പറയുന്നു. കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്‌വേ എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഉഗാണ്ടയിൽ മാത്രം 13 പേർ മരിച്ചു.

ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം കന്നുകാലികളടക്കമുള്ള ജീവികളെയാണ് സാധാരണയായി ബാധിക്കുന്നത്. മനുഷ്യരിൽ ആന്ത്രാക്സ് വളരെ അപൂർവമായാണ് ബാധിക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള അടുത്ത ഇടപെടലോ അല്ലെങ്കിൽ രോഗം ബാധിച്ച ജീവികളുടെ ഉത്‌പന്നങ്ങളോ ആണ് മനുഷ്യരിൽ ആന്ത്രാക്സിന് കാരണമാകുന്നത്.

ആന്ത്രാക്സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വളരെ അപൂർവം അവസരങ്ങളിൽ ഇത്തരം രോഗികളുടെ മുറിവുകളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനിടയുണ്ടെന്ന് കരുതുന്നുണ്ട്.

സാംബിയയിൽ ആന്താക്സ് എന്നു കരുതുന്ന 684 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ നാല് പേർ മരിച്ചു. സാംബിയയിലെ പത്ത് പ്രവിശ്യകളിൽ ഒമ്പതെണ്ണത്തിലും കേസുകൾ കണ്ടെത്തി. രോഗം ബാധിച്ച ഹിപ്പൊപ്പൊട്ടാമസിന്റെ മാംസം കഴിച്ചതിലൂടെ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംബിയയിലെ ആന്ത്രാക്സ് കേസുകൾ അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കാനിടയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു.

ആന്ത്രാക്സ് ബാധിതരിൽ പനി, ശ്വാസതടസം, ചുമ, തലകറക്കം, വയറുവേദന, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമായി മരണത്തിൽ കലാശിക്കാം.

മണ്ണിൽ ജീവിക്കുന്ന ബാസിലസ് ആന്ത്രാസിസ് പലപ്പോഴും പുല്ലിലൂടെയും മറ്റുമാണ് മൃഗങ്ങളിലേക്ക് പടരുന്നത്. ത്വക്ക്, ശ്വാസകോശം, കുടൽ എന്നിവയെ ആണ് ആന്ത്രാക്സ് പ്രധാനമായും ബാധിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നതാണ് ഏറ്റവും ഗുരുതരം. ഇതിന് 92 ശതമാനം മരണസാദ്ധ്യതയുണ്ടെന്ന് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) പറയുന്നു. രോഗം ബാധിച്ച ജീവികളുടെ മാംസം ഭക്ഷിക്കുന്നതിലൂടയാണ് മനുഷ്യന്റെ കുടലിനെ ആന്ത്രാക്സ് ബാധിക്കുന്നത്.

വളരെ അപൂർവമാണെങ്കിലും 60 ശതമാനം വരെ മരണനിരക്കാണ് ഇവയ്ക്ക് കല്പിക്കുന്നത്. ത്വക്കിനെ ബാധിക്കുന്ന ആന്ത്രാക്സ് ആന്റിബയോട്ടിക്കുകൾ കൊണ്ട് ചികിത്സിച്ച് മാറ്റാം. 2016 ജൂലായിൽ വടക്കൻ സൈബീരിയയിലെ നൂറോളം നാടോടികൾക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം, രണ്ടാം ലോകമഹായുദ്ധ കാലത്തും മറ്റും അപകടകാരിയായ ജൈവായുധമായും ആന്ത്രാക്സിനെ മനുഷ്യർ ഉപയോഗിച്ചിട്ടുണ്ട്. അത്യന്തം വിനാശകാരിയും, വ്യാപനശേഷിയും മരണനിരക്കും കൂടുതലുമുള്ള കാറ്റഗറി എ ഗണത്തിൽപ്പെടുന്ന ജൈവായുധമാണ് ഇത്.

നൂറു വർഷം പഴക്കമുള്ള ഈ ജൈവായുധത്തിന് മണമോ രുചിയോ ഇല്ല. അദൃശ്യമാണ്. പൊടി, ആഹാരം, ജലം എന്നിവയിലൂടെ കടത്തിവിടുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ചൈനയ്ക്കെതിരെ ജപ്പാൻ ആന്ത്രാക്സ് ജൈവായുധം പ്രയോഗിച്ചെന്ന് പറയപ്പെടുന്നുണ്ട്. 2001ൽ പൊടിയുടെ രൂപത്തിലുള്ള ആന്ത്രാക്സ് ബാക്ടീരിയ അടങ്ങിയ കത്തുകൾ യു.എസ് പോസ്റ്റൽ സർവീസിന് ലഭിച്ചിരുന്നു. 22 പേർക്ക് രോഗ ബാധ ഉണ്ടാവുകയും അതിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു.