
കന്യാകുമാരി: തെക്കൻ തമിഴ്‌നാടിനെ ദുരിതത്തിലാക്കി കനത്ത മഴ തുടരുകയാണ്. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ മഴയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ പൊതുഅവധിയാണ്. ഇവിടങ്ങളിൽ ബാങ്കുകൾക്കടക്കം അവധി നൽകിയിട്ടുണ്ട്. വരുന്ന ഏഴ് ദിവസം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്തമഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, രാമനാഥപുരം ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ വെള്ളംകയറിയിരുന്നു. തൂത്തുക്കുടിയിലെ കോവിൽപട്ടിയിൽ റെയിൽവെ അടിപ്പാത തന്നെ മഴയിൽ മുങ്ങിപ്പോയി. സംസ്ഥാനത്ത് വന്ദേഭാരത് അടക്കം 20 ട്രെയിനുകൾ റെയിൽവെ റദ്ദാക്കി.മരങ്ങൾ കടപുഴകിവീണും ജില്ലയിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. മഴ ശക്തമായി തുടരുന്നയിടങ്ങളിൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നത് കുട്ടികളും രക്ഷകർത്താക്കളും അതാത് സ്‌കൂളുകളിൽ വിളിച്ച് അന്വേഷിക്കണം എന്ന് മുന്നറിയിപ്പുണ്ട്.പല പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയെന്നും അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം മന്ത്രിമാർ വിവിധ ജില്ലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കന്യാകുമാരിയോട് ചേർന്ന കോമറിൻമേഖലയ്‌ക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ പശ്ചാത്തലത്തിലാണ് മഴ കനക്കുന്നത്. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിലടക്കം മഴ ഇന്നും തുടരും. ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്നുമണിക്കൂറിൽ ഇടുക്കി, പാലക്കാട് ജില്ലകളിൽ മിതമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.