offerings

കൊല്ലം: നവകേരള സദസ് ചക്കുവള്ളി ക്ഷേത്രമൈതാനിയിൽ നടത്തുന്നതിന് ഹൈക്കോടതി അനുമതി നിഷേദിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം നടത്തിയിരിക്കുകയാണ് ഇതേ ക്ഷേത്രത്തിൽ. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ചക്കുവള്ളി ക്ഷേത്രത്തിൽ ഇത്തരത്തിൽ വഴിപാട് നടത്തിയതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്ന് കൊല്ലം ജില്ലയിൽ നവകേരള സദസ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേരിൽ വഴിപാട് നടന്നത്. ജില്ലയിലെ കുന്നത്തൂർ നിയോജക മണ്ഡലത്തിലാണ് പ്രസിദ്ധമായ ചക്കുവള്ളി ക്ഷേത്രം. ഇവിടെവച്ച് സർക്കാർ പരിപാടിയായ നവകേരള സദസ് നടക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഇന്ന് രാവിലെ കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ക്ഷണിക്കപ്പെട്ടവരുമായി നവകേരള സദസിന്റെ പ്രഭാതയോഗം ചേരും. തുടർന്ന് വാർത്ത സമ്മേളനം. 11ന് പത്തനാപുരം എൻ.എസ്.എസ് ഗ്രൗണ്ടിലാണ് ജില്ലയിലെ ആദ്യ സദസ്. വൈകിട്ട് 3ന് പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും 4.30ന് കൊട്ടാരക്കര ജൂബിലി മന്ദിരത്തിലും സദസ് നടക്കും. വൈകിട്ട് 6ന് ചക്കുവള്ളി ദേവസ്വം ബോർഡ് സ്‌കൂളിന് സമീപമുള്ള പഴയ കശുഅണ്ടി ഫാക്ടറി പരിസരത്താണ് ആദ്യദിനത്തിലെ അവസാന സദസ്.

നാളെ രാവിലെ 9ന് ക്ഷണിക്കപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ പ്രഭാത യോഗം കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കും. തുടർന്ന് വാർത്താ സമ്മേളനം. 11ന് കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ ആദ്യ സദസ്. ചവറ കെ.എം.എൽ ഗ്രൗണ്ടിൽ വൈകിട്ട് 3നാണ് സദസ്. കുണ്ടറയിലെ സദസ് വൈകിട്ട് 4ന് കുണ്ടറ സെറാമിക്സ് ഗ്രൗണ്ടിൽ നടക്കും. രണ്ടാം ദിവസത്തെ അവസാന സദസ് ആശ്രാമം പ്രശാന്തി ഗാർഡൻസ് ഗ്രൗണ്ടിൽ നടക്കും.

മൂന്നാം ദിവസമായ 20ന് രാവിലെ ബീച്ച് ഹോട്ടലിൽ ക്യാബിനറ്റ് യോഗം ചേരും. 11ന് കന്റോൺമെന്റ് മൈതാനത്താണ് ആദ്യ സദസ്. കടയ്ക്കലിൽ വൈകിട്ട് 3നാണ് സദസ്. 4 30ന് ചാത്തന്നൂർ സ്പിന്നിംഗ് മിൽ ഗ്രൗണ്ടലാണ് ജില്ലയിലെ അവസാന സദസ്‌