giriraj-singh

പാട്ന: ഹിന്ദുക്കൾ ഹലാൽ മാംസം കഴിക്കരുതെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ്. ഹിന്ദുക്കൾ 'ജത്ഖ' മാംസം (മൃഗങ്ങളെ വാളുകൊണ്ട് അല്ലെങ്കിൽ കോടാലി കൊണ്ട് ഒറ്റയടിക്ക് കൊല്ലുന്ന രീതി) കഴിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.


ബീഹാറിലെ തന്റെ പാർലമെന്റ് മണ്ഡലമായ ബെഗുസാരായിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുതിർന്ന ബിജെപി നേതാവായ ഗിരിരാജ് സിംഗ്. ഹിന്ദുക്കൾ ഭക്ഷണം കഴിക്കുന്നതിൽ 'ധർമം' പാലിക്കാൻ ഊന്നൽ നൽകണമെന്നും, ഹലാൽ മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും തന്റെ അനുയായികളോട് പറഞ്ഞു.


'ഹലാൽ മാംസം മാത്രം കഴിക്കുന്ന മുസ്ലീങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഹിന്ദുക്കളും അവരുടെ മതപാരമ്പര്യങ്ങളോട് സമാനമായ പ്രതിബദ്ധത പ്രകടിപ്പിക്കണം. ജത്ഖ'യാണ് ഹൈന്ദവരുടെ കശാപ്പ് രീതി. ഹിന്ദുക്കൾ 'ബലി' (മൃഗബലി) നൽകുമ്പോഴെല്ലാം അത് ഒറ്റയടിക്ക് ചെയ്യുന്നു. ഹലാൽ മാംസം കഴിക്കാതെ അവർ എപ്പോഴും 'ജത്ഖ' യിൽ ഉറച്ചുനിൽക്കണം.'- സിംഗ് പറഞ്ഞു.

'ജത്ഖ' മാംസം മാത്രം വിൽക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്ന പുതിയ വ്യാപാര രീതിയുടെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു. ഒഴിവുസമയങ്ങളിൽ, വൈകുന്നേരം ക്ഷേത്രം സന്ദർശിക്കണമെന്ന് സിംഗ് പ്രദേശവാസികളായ ഹിന്ദുക്കളോട് അഭ്യർത്ഥിച്ചു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഗിരിരാജ് സിംഗ് എഴുതിയ കത്ത് പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കാണിച്ച മാതൃക പിന്തുടരാനും, ഹലാൽ എന്ന് ലേബൽ ചെയ്ത ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.