
തിരുവനന്തപുരം: കാലാവസ്ഥ ആകെ മാറുകയാണ്. ഏത് നിമിഷവും ഇവിടെ പേമാരി പെയ്തിറങ്ങാം. ഏതു മാസവും മഴ പെയ്യാം. മിന്നൽ കടലാക്രമണം ഉണ്ടാകാം. വേനലും അതികഠിനമാവാം. ലോകത്തെ വിവിധ പഠനങ്ങൾ ആധാരമാക്കി ഐ.പി.സി.സി (ഇന്റർനാഷണൽ പ്രോട്ടോക്കോൾസ് ഓഫ് ക്ളൈമറ്റ് ചേയ്ഞ്ച്) തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുകൾ.
കുറച്ചുകാലമായി കാലാവസ്ഥ മാറുന്നുണ്ട്. ഈ മാറ്റം തീവ്രമാവും. പത്തു വർഷം കഴിയുമ്പോൾ ഇപ്പോഴത്തെ കാലാവസ്ഥ ആവില്ല. ഇപ്പോൾ അടിക്കടി പെയ്യുന്ന മഴയും പെട്ടെന്ന് ഉയരുന്ന അന്തരീഷ ഊഷ്മാവും ഇത് ശരിവയ്‌ക്കുന്നതായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ പഠനങ്ങളും അടിവരയിടുന്നു.
അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡ് ക്രമാതീതമായി വർദ്ധിച്ചതാണ് കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം. സുരക്ഷിത അളവ് 300 പി.പി.എം (പാർട്ട്സ് പെർ മില്യൺ) ആണ്. അതിപ്പോൾ 412 ആയി വർദ്ധിച്ചു. കാർബൺഡയോക്സൈഡ് കൂടുമ്പോൾ അന്തരീക്ഷ താപം കൂടും. ജലാശയങ്ങളിൽ കൂടുതൽ കാർബൺ ഡയോക്സൈഡ് കലരുമ്പോൾ വെള്ളത്തിന്റെ പി.എച്ച് മൂല്യം കുറഞ്ഞ് അസിഡിറ്റി കൂടും.
ഓക്സിജൻ കുറയും. കടലിൽ നിന്ന് മീഥെയിൻ വാതകവും നൈട്രസ് ഓക്സൈഡും അന്തരീക്ഷത്തിൽ കലരും. കാർബൺ ഡയോക്സൈഡ് കൂടുന്നതിനേക്കാൾ പത്ത് മടങ്ങാണ് ഇതിന്റെ ദോഷമെന്ന് കുസാറ്റ് പഠനം വ്യക്തമാക്കുന്നു.
കുസാറ്റിലെ ഡോ. അഭിലാഷ്, ഡോ. ബിജോയ് നന്ദൻ, ഡോ. ഷാജു എസ്.എസുമാണ് പഠനങ്ങൾ നടത്തിയത്. അറബിക്കടലിൽ മുൻപ് ചുഴലിക്കാറ്ര് നാമമാത്രമായിരുന്നു. എപ്പോൾ വേണമെങ്കിലും ചുഴലിക്കാറ്ര് രൂപപ്പെടുന്ന സ്ഥിതിയാണിപ്പോൾ. കടലിലെ മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് ഗോരഖ്പപൂർ ഐ.എെ.ടിയുടെ പഠനത്തിലും വ്യക്തമായിരുന്നു.
കാലാവസ്ഥ മാറുമ്പോൾ കൃഷി രീതിയും മാറും. ലോകത്താകെയുണ്ടാകുന്ന മാറ്റത്തിന്റെ ഭാഗമാണ് കേരളത്തിലെ കാലാവസ്ഥാ മാറ്റം.ഇത് ഇവിടത്തെ കൃഷിയെ മാത്രമല്ല, വരുമാനമേറെയുള്ള ടൂറിസത്തേയും ബാധിക്കും.
തണ്ണീർത്തട സംരക്ഷണം പ്രധാനം
കാർബൺ പുറത്തേക്കു വിടാതെ സൂക്ഷിക്കുന്ന തണ്ണീർത്തട ആവാസവ്യവസ്ഥകളുടെ സംരക്ഷണം പ്രധാനമാണ്. കൽക്കരി ഉപയോഗം കുറയ്ക്കുക, സോളാർ ഊർജ്ജം വർദ്ധിപ്പിക്കുക, വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന ഉപകരണങ്ങൾ തുടങ്ങിയ മാർഗങ്ങൾ അന്തരീക്ഷ സംരക്ഷണത്തിന് അനിവാര്യമാണ്. അടുത്ത വർഷം യു.എ.ഇയിൽ നടക്കുന്ന കാലവസ്ഥാ ഉച്ചകോടി ( കോപ്പ് ) അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് കുറയ്‌ക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യും.
''പ്രകൃതിയിൽ മനുഷ്യരുടെ ഇടപെടലുകൾ കരയിലെ അന്തരീക്ഷത്തെ ബാധിക്കും. അത് കടലിലെ അന്തരീക്ഷവും മാറ്റും. ആ മാറ്റങ്ങൾ കരയിലേക്കു തന്നെ എത്തും. കോപ് ഉച്ചകോടിയെ ലോകരാജ്യങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്''
ഡോ. ഷാജു എസ്.എസ്,
കെമിക്കൽ ഓഷ്യനോഗ്രാഫി വിഭാഗം മേധാവി
കുസാറ്റ്.