
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുണ്ടാക്കാൻ ലക്ഷങ്ങളുടെ കശുവണ്ടിപ്പരിപ്പ് പാഴാക്കിയതായി ആരോപണം. നവകേരള സദസിനോടനുബന്ധിച്ച് കൊല്ലം ബീച്ചിലാണ് ഡാവിഞ്ചി സുരേഷ് മുപ്പത് അടി വിസ്തീർണമുള്ള മുഖ്യമന്ത്രിയുടെ ചിത്രം തയ്യാറാക്കിയത്.
കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, മുകേഷ് എം എൽ എ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു ചിത്രം തയ്യാറാക്കിയതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. വിവിധ വലിപ്പത്തിലുള്ള കശുവണ്ടി ശേഖരിച്ച് നിറം നൽകി, രണ്ട് ലക്ഷം രൂപയോളം ചെലവിലാണ് ചിത്രം തയ്യാറാക്കിയത്.
അതേസമയം, മറ്റന്നാളാണ് നവകേരള സദസ് തലസ്ഥാന ജില്ലയിലേക്ക് പ്രവേശിക്കുന്നത്. പരിപാടി ഗംഭീര വിജയമാക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ജില്ലയിലെ ജനപ്രതിനിധികളും. ഡിസംബർ 20 ന് വർക്കലയിലാണ് ജില്ലയിലെ നവകേരള സദസിന് തുടക്കം. ശിവഗിരിമഠം ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാണ് പരിപാടി നടക്കുക. ഡിസംബർ 21ലെ നവകേരള സദസിന് ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിലെ പ്രഭാത യോഗത്തോടെ തുടക്കമാകും. രാവിലെ ഒൻപതിന് വർക്കല,ആറ്റിങ്ങൽ,ചിറയിൻകീഴ്,വാമനപുരം,നെടുമങ്ങാട് മണ്ഡലങ്ങളിലെ വിവിധ മേഖലകളിലുള്ള വ്യക്തികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. പതിനൊന്നിന് ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് ചിറയിൻകീഴ് മണ്ഡലത്തിലെയും, വൈകിട്ട് മൂന്നിന് ആറ്റിങ്ങൽ മാമം മൈതാനത്ത് ആറ്റിങ്ങൽ മണ്ഡലത്തിലെയും, 4.30ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിനു സമീപമുള്ള മൈതാനത്ത് വാമനപുരത്തെയും, ആറിന് നെടുമങ്ങാട് നഗരസഭ പാർക്കിംഗ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.
22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് പ്രഭായോഗം. കാട്ടാക്കട, അരുവിക്കര,നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.രാവിലെ 11ന് ആര്യനാട്, പാലേക്കോണം വില്ലാ നസറേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അരുവിക്കര മണ്ഡലത്തിലെയും, മൂന്നിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കാട്ടാക്കട മണ്ഡലത്തിലെയും, 4.30ന് നെയ്യാറ്റിൻകര ഡോ.ജി. രാമചന്ദ്രൻ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നെയ്യാറ്റിൻകര മണ്ഡലത്തിലെയും, വൈകിട്ട് ആറിന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ പാറശാല മണ്ഡലത്തിലെയും നവകേരള സദസുകൾ നടക്കും. 23ന് വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്തസദസോടെ സമാപിക്കും.