
ബംഗളൂരു: കാർ പാർക്കിംഗ് ഗ്രൗണ്ടിൽ കളിച്ചുക്കൊണ്ടിരുന്ന മൂന്നുവയസുകാരിയുടെ ദേഹത്ത് കാർ കയറി ദാരുണാന്ത്യം. ഫ്ലാറ്റിന്റെ പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തേക്ക് പോകാനെടുത്ത എസ്യുവി ഇടിച്ചാണ് മൂന്നുവയസുകാരിയായ അർബിന മരിച്ചത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ബെല്ലാണ്ടൂർ പൊലീസ് കണ്ടെടുത്തു.

അർബിന ഗ്രൗണ്ടിലിരുന്നു കളിക്കുന്നത് സിസിടിവിയിൽ വ്യക്തമായി കാണാം. അപകടത്തിന് തൊട്ടുമുൻപ് മറ്റൊരു കുട്ടി അർബിനയുടെ സമീപത്തായി എത്തുന്നുണ്ട്. നിമിഷങ്ങൾക്കകം പാർക്ക് ചെയ്തിരുന്ന കാർ മുന്നോട്ട് വന്ന് പെൺകുട്ടിയെ ഇടിച്ചുകൊണ്ട് പുറത്തേക്ക് പോകുകയായിരുന്നു. കാറിന്റെ ടയറുകൾ അർബിനയുടെ തലയിലും വയറിലുമായി കയറിയിറങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിലുണ്ട്. കാർ പോയതിന് ശേഷവും പെൺകുഞ്ഞ് എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ചോരയൊലിപ്പിക്കുന്ന കുഞ്ഞിനെ കണ്ടിട്ട് പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. അവസാനം കുട്ടിയെ കണ്ട ഒരു യുവാവാണ് അടുത്തുളള ആശുപത്രിയിൽ എത്തിച്ചത്.
തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അർബിനയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറോടിച്ച വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.